വാഷിംഗ്ടൺ: കൊറോണ വൈറസ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 12,01, 933 പേർക്കാണ് വൈറസ് ബാധയുള്ളത്. മരിച്ചവരുടെ എണ്ണവും ഗണ്യമായി വർധിച്ചു. 64,720 പേർക്കാണ് വൈറസ് ബാധയേത്തുടർന്ന് ജീവൻ പൊലിഞ്ഞത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 83,710 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചു. 5,501 പേർക്കാണ് ഈ സമയത്ത് ജീവൻ നഷ്ടപ്പെട്ടത്. അമേരിക്കയിൽ വൈറസ് ബാധിതർ 3,11,357 ആയി. 1,048 പേർക്കാണ് പുതുതായി ജീവൻ നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം രാജ്യത്ത് 24 മണിക്കൂറിനിടെ 1,480 പേർക്കായിരുന്നു ജീവൻ നഷ്ടപ്പെട്ടത്. 8,452 ജീവനുകളാണ് അമേരിക്കയിൽ വൈറസ് ബാധയിൽ പൊലിഞ്ഞത്. ന്യൂയോർക്കിൽ രോഗബാധിതരിലുണ്ടാകുന്ന വർധനവാണ് രാജ്യത്തിന് പ്രധാന തലവേദന സൃഷ്ടിക്കുന്നത്. വാഷിംഗ്ടൺ അടക്കം എല്ലായിടത്തും കർശന നിയന്ത്രണങ്ങളാണ്. അത്യാവശ്യകാര്യത്തിന് ഒരാൾ മാത്രം വീടുകളിൽ നിന്ന് പുറത്ത് പോകാവൂ എന്നാണ് നിർദ്ദേശം.
1,13,704 പേർക്കാണ് ന്യൂയോർക്കിൽ വൈറസ് ബാധിച്ചത്. ഇതിൽ 3,565 പേർ മരണത്തിനു കീഴടങ്ങി. 24 മണിക്കൂറിനിടെ 347 പേർ ന്യൂയോർക്കിൽ മാത്രം മരണപ്പെട്ടു. ന്യൂജേഴ്സിയിലാകട്ടെ 200 പേരാണ് പുതുതായി മരണപ്പെട്ടത്. രോഗബാധിതരുടെ എണ്ണത്തിൽ ഇറ്റലിയെ പിന്തള്ളി സ്പെയിൻ രണ്ടാമത്തെത്തി.
1,26,168 പേർക്ക് വൈറസ് ബാധിച്ച സ്പെയിനിൽ 11,974 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 749 പേരാണ് പുതുതായി ഇവിടെ മരിച്ചത്. ഇറ്റലിയിൽ വൈറസ് ബാധിതരുടെ എണ്ണം 1,24,632 ഉയർന്നപ്പോൾ മരിച്ചവർ 15,362 ആയി.ജർമനിയിൽ 96,092 പേർക്കും ഫ്രാൻസിൽ 89,953 പേർക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ യഥാക്രമം 15,362 ഉം 1,444 ഉം, 7,560 മാണ് മരണസംഖ്യ.
ഫ്രാൻസിൽ 1,053 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടു. ബ്രിട്ടനിലും വൈറസ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. 41,903 പേർക്കാണ് ഇവിടെ വൈറസ് ബാധയുള്ളത്. പുതുതായി 708 പേർകൂടി മരണത്തിനു കീഴടങ്ങിയതോടെ 4,313 ഇവിടുത്തെ മരണ സംഖ്യ ഉയർന്നു.