കൊറോണ ചികിൽസ ആയുഷ്മാൻ ഭാരതിൽപെടുത്തി; സ്വകാര്യ ആശുപത്രികളിലും ചികിൽസിക്കാം

ന്യൂഡല്‍ഹി: കൊറോണ പരിശോധനയും ചികിത്സയും ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര തീരുമാനം. ആയുഷ്മാന്‍ ഭാരതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 50 കോടിയോളം പേര്‍ക്ക് ഉപകാരപ്പെടുന്നതാണ് ഈ നടപടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

സ്വകാര്യ ലബോറട്ടറികളില്‍ പരിശോധന നടത്താനും ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടാനും ഇനി ഗുണഭോക്താക്കള്‍ക്കാവുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്‍റെ (ഐ.സി.എം.ആര്‍.) മാനദണ്ഡം അനുസരിച്ചാവണം പരിശോധന.

സ്വകാര്യ ലാബുകള്‍ക്ക് ഐ.സി.എം.ആറിന്‍റെ അംഗീകാരമുണ്ടാവണം. ഇത്തരമൊരു പ്രതിസന്ധിഘട്ടം തരണം ചെയ്യാന്‍ സ്വകാര്യമേഖലയെയും ഉപയോഗപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കൊറോണ രോഗനിര്‍ണയവും ചികിത്സയും ആയുഷ്മാന്‍ ഭാരതില്‍ ഉള്‍പ്പെടുത്തിയതെന്ന് ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു.