തിരുവനന്തപുരം:ലക്ഷണമൊന്നുമില്ലാതെ 2 പേർക്ക് കൊറോണ ബാധിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അതീവ ജാഗ്രതയിൽ.
ഒരു ഇറ്റലിക്കാരനും വിദേശത്തുനിന്നു വന്ന ഒരു മലയാളിയ്ക്കുമാണ് ലക്ഷണങ്ങൾ കാണിക്കാതെ രോഗം സ്ഥിരീകരിച്ചത്.വിദേശികളാണെങ്കിലും വിദേശത്തു നിന്നു മടങ്ങിയെത്തിയവരാണെങ്കിലും പനി, ചുമ, തൊണ്ടവേദന ഉൾപ്പെടെ രോഗലക്ഷണങ്ങളില്ലാത്തവരെ പൊതുവെ പരിശോധിക്കുന്നില്ല. എന്നാൽ, നാട്ടുകാരുടെ ആശങ്കയെത്തുടർന്ന് ഇരുവരുടെയും പരിശോധന നടത്താൻ അധികൃതർ തീരുമാനിച്ചു.
ലക്ഷണങ്ങളില്ലാത്ത കൂടുതൽ രോഗികളുണ്ടെങ്കിൽ കൊറോണ പടരാനുള്ള സാധ്യത കൂടുമെന്നതിനാൽ അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്.
ലക്ഷണങ്ങളില്ലാത്തവരും രോഗവാഹകരാകാനുള്ള സാധ്യത തെളിയിക്കപ്പെട്ടതോടെ ചികിത്സയ്ക്കും ബോധവൽക്കരണത്തിനും നേതൃത്വം നൽകുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.