കോട്ടയം : റാന്നിയിലെ കൊറോണ ബാധിച്ച വയോധിക ദമ്പതിമാരെ പരിചരിക്കുന്നതിനിടെ രോഗം ബാധിച്ച ആരോഗ്യപ്രവര്‍ത്തക സുഖം പ്രാപിച്ചു. ഇവരുടെ മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവായി. ഇവരെ ഉടന്‍ ഡിസ്ചാർജ് ചെയ്യുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. രോഗം ഭേദമായതിൽ അതിയായ സന്തോഷമുണ്ടെന്ന് കൊറോണ ഭേദമായ നഴ്‌സ് രേഷ്മ മോഹന്‍ദാസ് പറഞ്ഞു. നിശ്ചയദാർഢ്യത്തോടെ നേരിട്ടാൽ കൊവിഡിനെ അതിജീവിക്കാമെന്നും രേഷ്മ പറഞ്ഞു. രേഷ്മയും രോഗസൗഖ്യം നേടിയതോടെ കോട്ടയം മെഡിക്കൽ കേളേജിൽ ഇനിയാരും കൊവിഡ് ബാധിതരില്ല. രോഗികളെ താൻ മികച്ച രീതിയിൽ പരിചരിച്ചെന്ന് നഴ്‌സ് രേഷ്മ പറഞ്ഞു. രോഗം വന്നത് അവരിൽ നിന്നാകാം. അതിൽ പേടിക്കാനില്ല. കോട്ടയം മെഡിക്കൽ കോളേജിലേത് മികച്ച ചികിത്സയാണ്. രോഗലക്ഷണം കണ്ടപ്പോഴേ ഐസൊലേഷനിൽ പോയിരുന്നതായും രേഷ്മ പറഞ്ഞു. മാർച്ച് 24 നാണ് ആരോഗ്യപ്രവര്‍ത്തകയുടെ പരിശോധനാ ഫലം പോസറ്റീവായി കണ്ടത്. തുടര്‍ന്ന് ആശുപത്രിയിൽ ക്വാറന്റൈൻ ചെയ്ത് ചികിത്സ ആരംഭിച്ചു. തുടർന്ന് നടത്തിയ മൂന്ന് പരിശോധനകളും നെഗറ്റീവായിരുന്നു.