ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യങ്ങൾക്ക് കുഴപ്പമില്ല: ഹൈക്കോടതി നിരീക്ഷണം; സാമൂഹിക അകലം പാലിക്കുന്നില്ല

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യത്തിൽ സംസ്ഥാനത്ത് ഇതുവരെ കാര്യങ്ങൾ കുഴപ്പമില്ലാതെയാണ് പോകുന്നതെന്ന് തോന്നുന്നതായി കേരള ഹൈക്കോടതി. പലയിടങ്ങളിലും കരാറുകാർ തന്നെയാണ് അവരുടെ ദൈനംദിന ചെലവുകൾ നോക്കുന്നതെന്ന് അമിക്കസ് ക്യൂറി ഇന്ന് കോടതിയോട് പറഞ്ഞു. പ്രാഥമിക മേൽനോട്ട ചുമതല മാത്രമാണ് കരാറുകാർക്ക് നൽകിയിരിക്കുന്നതെന്ന് സർക്കാർ വിശദീകരിച്ചു. പല കരാറുകാരും തൊഴിലാളികളെ പുറത്താക്കുന്ന അവസ്ഥ ഉണ്ടായിരുന്നെന്നും ഇപ്പോൾ അത് കുറഞ്ഞിട്ടുണ്ടെന്നും അമിക്കസ് ക്യൂറി പറഞ്ഞു.

ഇവരുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുമ്പോഴാണ് കോടതിയുടെ വാക്കാൽ പരാമർശം. കേസ് ഈ മാസം 17 ന് വീണ്ടും പരിഗണിക്കും.

പല സന്നദ്ധ സംഘടനകളും അതിഥി തൊഴിലാളികൾക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്. കരാറുകാർ വഴിയല്ലാതെ എത്തിയ അതിഥി തൊഴിലാളികൾക്ക് കമ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണം നൽകുന്നുണ്ടെന്ന് സർക്കാർ പറഞ്ഞു. ടെലിവിഷനും കാരംസും അടക്കമുളള വിനോദോപാധികൾ പലയിടത്തും നൽകുന്നുണ്ട്. ചില സ്ഥലങ്ങളിൽ സ്വയം ഭക്ഷണം ഉണ്ടാക്കി കഴിക്കാൻ അനുവദിക്കുന്നുണ്ടെന്നും സർക്കാർ പറഞ്ഞു.

തൊഴിലാളികൾക്കിടയിൽ സാമൂഹ്യാകലം പാലിക്കുകയെന്നത് ഒരു പ്രശ്നമാണെന്ന് അമിക്കസ് ക്യൂറി പറഞ്ഞു. സാമൂഹിക സുരക്ഷിതത്വം ഇല്ലാതെ സാമൂഹ്യാകലം കൊണ്ട് കാര്യം ഇല്ലെന്ന് കോടതി മറുപടി നൽകി. ആദ്യം സാമൂഹിക സുരക്ഷ ഇവർക്ക് ഉണ്ടാകട്ടെയെന്നായിരുന്നു കോടതിയുടെ മറുപടി.

പ്രാദേശികതലത്തിലും ജില്ലാ – സംസ്ഥാന തലത്തിലും ഇതിനായി കൃത്യമായ പരിശോധന ഉണ്ടെന്ന് സർക്കാർ വിശദീകരിച്ചു. അവർക്കായി ഹെൽപ് ലൈൻ സൗകര്യം ഒരുക്കിയെന്നും സർക്കാർ പറഞ്ഞു. ഈ ഘട്ടത്തിലാണ് അതിഥി തൊഴിലാളികളുടെ കാര്യം കുഴപ്പമില്ലാതെ പോകുന്നുവെന്ന് തോന്നുന്നതായി കോടതി പറഞ്ഞത്.