തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബാർ തൊഴിലാളികൾക്ക് 5000 രൂപ സഹായമായി നൽകുമെന്നു മുഖ്യമന്ത്രി പറഞ്ഞു. 10,000 രൂപ പലിശ രഹിത വായ്പ നൽകും. ബസ് തൊഴിലാളികൾക്കും 5000 രൂപ നൽകും. ചരക്കു വാഹനങ്ങളിലെ തൊഴിലാളികൾക്ക് 3500 രൂപ നൽകുമെന്നും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
കൈത്തറി തൊഴിലാളികൾക്ക് 750 രൂപ, ടാക്സി തൊഴിലാളികൾക്ക് 2500 രൂപ, ഓട്ടോ റിക്ഷ, ട്രാക്ടർ തൊഴിലാളികൾക്ക് 2000 രൂപ എന്നിങ്ങനെയും സഹായമായി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാലറി ചാലഞ്ച് വിപുലമാക്കുന്നു. പൊതു മേഖലാ ജീവനക്കാരും കേന്ദ്രസർക്കാർ ജീവനക്കാരും ഇതിൽ പങ്കുചേരണം. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും സഹകരിക്കണം. ബിഎസ്എൻഎൽ പ്രതിദിനം 5 ജിബി ഇന്റർനെറ്റ് നൽകും.
കോവിഡ് പരിശോധന വ്യാപകമാക്കും. ലോക്ഡൗൺ കർമ സേന രൂപീകരിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ പുനഃപരിശോധിക്കുന്നതിനാണ് 17 അംഗ കർമസേനയ്ക്കു രൂപം നൽകിയത്. കരള്‍ മാറ്റിവച്ചവർക്ക് മരുന്ന് ലഭ്യമാക്കാൻ നടപടിയെടുക്കും. ഇതിനായി പൊലീസും ഫയർഫോഴ്സും മറ്റു വിഭാഗങ്ങളും സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.