കൊല്ലം: ക്വാറന്റീൻ വ്യവസ്ഥ ലംഘിച്ചതിനു കൊല്ലം സബ് കലക്ടറായിരുന്ന അനുപം മിശ്രയുടെ ഗൺമാൻ, ഡ്രൈവർ എന്നിവരെ സസ്പെൻഡ് ചെയ്തു. ഗൺമാൻ സുജിത്, ഡ്രൈവർ സന്തോഷ് എന്നിവർക്കെതിരെയാണു നടപടി.
നിരീക്ഷണത്തിൽ കഴിയുന്നതിനിടെ നാട്ടിലേക്ക് ഒളിച്ചു കടന്നതിന് സബ്കളക്ടർ അനുപം മിശ്രയെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു.
കഴിഞ്ഞ പതിനേഴാം തീയതിയാണ് സബ്കളക്ടർ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും തിരിച്ച് കൊല്ലത്ത് എത്തിയത്. ഗൺമാൻ സുജിത്തും ഡ്രൈവറും ചേർന്നാണ് കൊല്ലത്ത് നിന്നും സബ്കളക്ടറെ സ്വീകരിക്കാൻ പോയത്. വിദേശത്ത് നിന്ന് എത്തിയ വ്യക്തിയായതുകൊണ്ട് തന്നെ സബ്കളക്ടറോടും അദ്ദേഹത്തെ സ്വീകരിക്കാൻ ചെന്ന ഡ്രൈവറോടും ഗൺമാനോടും നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നു.
എന്നാൽ ക്വാറന്റൈനിൽ പോകാൻ തയ്യാറാകാതെ സബ്കളക്ടർ ഇവിടെ നിന്നും മുങ്ങി കാൺപൂരിലെ വീട്ടിലേക്ക് പോയി. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം സർക്കാർ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഡ്രൈവർക്കും ഗൺമാനും എതിരെ ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ പതിനേഴാം തീയതി മുതൽ ക്വാറന്റൈനിൽ പോകാൻ പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും ഭാഗത്തു നിന്നും ഗൺമാന് നിർദ്ദേശം ലഭിച്ചിരുന്നു. എന്നാൽ ഇയാൾ ഇത് അംഗീകരിക്കാതെ പുറത്തിറങ്ങി നടക്കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായിരുന്നത്. ഏതെങ്കിലും തരത്തിൽ ഈ വ്യക്തിക്ക് രോഗമുണ്ടെങ്കിൽ അത് സമൂഹത്തിലേക്ക് പകരാനുള്ള സാധ്യയുണ്ടായിരുന്നു.