ന്യൂഡെൽഹി: വിനോദ സഞ്ചാര വീസയിലെത്തി നിസാമുദ്ദീൻ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 960 വിദേശികളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കരിമ്പട്ടികയിൽപെടുത്തി. ഇതിൽ ഭൂരിഭാഗം പേരും ഇന്തൊനീഷ്യ (379), ബംഗ്ലദേശ് (110), കിർഗിസ്ഥാൻ (77), തായ്‌ലൻഡ് (65), മ്യാൻമർ (63) എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. വിനോദ സഞ്ചാര വീസയിലെത്തി മതസമ്മേളനത്തിൽ പങ്കെടുത്തുവെന്നതാണു കുറ്റം. ഇതു വീസാ ചട്ടങ്ങളുടെ ലംഘനമായതിനാലാണ് നടപടി.
ഇവരിൽ പലരും ഇപ്പോഴും ഇന്ത്യയുടെ പല ഭാഗങ്ങളിലാണ്, കുറേപ്പേർ കൊറോണ ബാധിച്ച് ക്വാറന്റീനിലും. ഡൽഹി പൊലീസ് കമ്മിഷണർക്കും വിവിധ സംസ്ഥാന ഡിജിപിമാർക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അയച്ച സന്ദേശത്തിൽ ഇവർക്കെതിരെ നിയമനടപടിക്കു നിർദേശിച്ചു. യുഎസ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയവരിൽ ഉണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വിഷയത്തിൽ ഇടപെട്ടതിനു പിന്നാലെയാണ് കേന്ദ്ര നടപടി. തബ്‌ലീഗ് ജമാഅത്ത് മാനേജ്മെന്റുമായി ഡോവൽ കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.
2015 മുതൽ ഇന്ത്യയിൽ വിനോദസഞ്ചാര വീസയിലെത്തി തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 42,000 വിദേശികളെ ഇതുവരെ ഇത്തരത്തിൽ കരിമ്പട്ടികയിൽപെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇമിഗ്രേഷൻ വിഭാഗം അറിയിച്ചു. കഴിഞ്ഞ മാസം നടന്ന സമ്മേളനത്തിൽ പങ്കെടുത്ത 295 പേരിൽ കൊറോണ പരിശോധന പോസിറ്റീവായി. കഴിഞ്ഞ ദിവസം രാജ്യത്തു സ്ഥിരീകരിച്ച 60 കൊറോണ കേസുകളും തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.