മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം ‘ഷോ’; വിമർശനവുമായി പിടി തോമസ്

കൊച്ചി: കൊറോണ വിഷയത്തിൽ മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം ‘ഷോ’ ആണെന്ന വിമർശനവുമായി തൃക്കാക്കര എം.എൽ.എ പി ടി തോമസ്.
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ ആരോഗ്യ വിദഗ്ധരെയും ഉൾപ്പെടുത്തണമെന്നും വാർത്താസമ്മേളനം നടക്കുന്നത് വരെ രോഗം സ്ഥിരീകരിച്ച വാർത്ത പിടിച്ചുവയ്ക്കുന്നത് ശരിയല്ലെന്നും പിടി തോമസ് അഭിപ്രായപ്പെട്ടു.

ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങൾ കേരളത്തിൽ പാലിക്കപ്പെടുന്നില്ല വിവരങ്ങൾ അപ്പപ്പോൾ അറിയാൻ സംവിധാനമൊരുക്കണമെന്നാണ് പി ടി തോമസിന്‍റെ ആവശ്യം.

കാസർകോടും ഇടുക്കിയിലുമുള്ള രോഗികളെ കുറിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന അവരെ അപമാനിക്കുന്നതാണ്. രോഗബാധയുള്ളവരെ വിട്ടയച്ചത് ഏകീകൃത രൂപത്തിലല്ലെന്നും എംഎൽഎ ആരോപിക്കുന്നു. ആരോഗ്യ പ്രവർത്തകർക്ക് രോഗബാധയുണ്ടായത് ഗുരുതര വീഴ്ചയാണെന്നും പി ടി തോമസ് പറയുന്നു.

നെടുമ്പാശേരിയിലും കരിപ്പൂരിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഉണ്ടായത്‌ ഗുരുതര വീഴ്ചകളാണ്, തമിഴ്നാട്ടുകാരൻ രക്ഷപ്പെട്ടതും ഗുരുതരമായ വീഴ്ചയാണ്. കോവിഡ് ഡ്യൂട്ടി കഴിഞ്ഞു പോയ ഡോക്ടർമാർ നിരീക്ഷണത്തിൽ പോകാതെ മറ്റുള്ളവരെ ചികിൽസിച്ചുവെന്നും ചിലർ സർജറി വരെ നടത്തിയെന്നും പി ടി തോമസ് ആരോപിച്ചു.