കോയമ്പത്തൂർ: സഹായ അഭ്യർഥനയുമായി മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച വിദ്യാർഥികൾക്ക് നമ്പർ മാറി, കോൾ പോയത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നമ്പറിലേക്ക്. ലോക്ഡൗണിനെത്തുടർന്ന് കോയമ്പത്തൂരിലെ ഹോസ്റ്റലിൽ കുടുങ്ങിയ വിദ്യാർഥികളാണ് സഹായം തേടി മുഖ്യമന്ത്രിയെ വിളിക്കാൻ തീരുമാനിച്ചത്. ഫോണെടുത്ത മുൻമുഖ്യമന്ത്രി അവർക്ക് കൈത്താങ്ങായി.
ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും തീർന്നതിനെ തുടർന്ന് മറ്റൊരാളുടെ സഹായം തേടി മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് നാട്ടിലെത്താനായിരുന്നു വിദ്യാർഥിനികളുടെ ശ്രമം. ഇതിനായി സഹായി നൽകിയ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് മറുവശത്ത് ഉമ്മൻചാണ്ടിയെ ലഭിച്ചത്. ഉമ്മൻ ചാണ്ടി കാര്യങ്ങൾ അന്വേഷിക്കുകയും വൈകിട്ട് 5 മണിക്ക് ഒരാൾ വിളിക്കുമെന്നറിയിക്കുകയും ചെയ്തു. വൈകിട്ട് കൃത്യ സമയത്തു തന്നെ വിളിച്ച ആൾ കുട്ടികളുടെ ആവശ്യങ്ങൾ തിരക്കി. നാട്ടിലെത്താനുള്ള ആവശ്യവും ഭക്ഷ്യ വസ്തുക്കളില്ലാത്തതും കുട്ടികൾ അറിയിച്ചതോടെ ഒരു മാസത്തേക്കുള്ള ഭക്ഷ്യ ധാന്യങ്ങളും, മറ്റ് അവശ്യ വസ്തുക്കളും ഉടൻ താമസ സ്ഥലത്ത് എത്തി.
തുടർന്ന് 2 തവണ ഉമ്മൻചാണ്ടി വിദ്യാർഥിനികളെ തിരിച്ചു വിളിച്ച് ക്ഷേമം അന്വേഷിക്കുകയും ചെയ്തതോടെ തിരൂർ,തൃപ്രങ്ങോട്, അരീക്കോട്, എടപ്പാൾ, വൈരങ്കോട് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥിനികളായ സജ്ന, മുഹ്സിന, ശാമിലി, മുഫീദ, അമൃത, മുഹ്സിന എന്നിവർക്ക് ഏറെ ആശ്വാസമായി.
കോയമ്പത്തൂരിലെ സ്വകാര്യ കണ്ണാശുപത്രിയിൽ ഒപ്ടോമെട്രി പരിശീലനത്തിന് എത്തിയ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ 6 വിദ്യാർഥിനികളാണ് ലോക്ഡൗണിനെ തുടർന്ന് ഹോസ്റ്റലിൽ കുടുങ്ങിയത്.
നാട്ടിലേക്കെത്തുന്നതിനു വേണ്ടിയുള്ള സഹായങ്ങൾ ഹെൽത്ത് കെയറുമായി ബന്ധപ്പെട്ട് ശരിയാക്കാമെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചതായി വിദ്യാർഥിനികൾ പറഞ്ഞു.