കുമളി: ‘ജോലിക്കു പോകണ്ട, അവശ്യസാധനങ്ങളെത്തിച്ചു തരാം’- എന്ന പൊലീസ് ഉദ്യാഗസ്ഥരുടെ വാക്ക് വിശ്വസിച്ച് വീടുകളിലിരുന്ന തൊഴിലാളികള്‍ക്ക് ആഹാരസാധനങ്ങളെത്തിച്ച് കമ്പംമെട്ട് പൊലീസ് വാക്കു പാലിച്ചു.ഇടുക്കി കമ്പംമെട്ട് കൂലിപ്പണിക്ക് പോകുന്ന നിരവധി തൊഴിലാളി കുടുംബങ്ങള്‍ക്ക് കൈത്താങ്ങാവുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ.
ലോക്ക്ഡൗണ്‍ തുടരുന്ന പശ്ചാത്തലത്തില്‍ നിത്യവൃത്തിക്കായി ജോലിക്ക് പോകുന്ന തൊഴിലാളികള്‍ക്ക് പൊലീസ് ഒരു വാക്ക് നല്‍കിയിരുന്നു. ആ വാക്ക് പാലിച്ചാണ് കമ്പംമെട്ട് പൊലീസ് സഹജീവി സ്‌നേഹം പ്രകടിപ്പിച്ചത്.
കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും നിത്യവൃത്തിയ്ക്കായി കൂലിപ്പണിക്ക് പോകുന്ന തൊഴിലാളി കുടുംബങ്ങളിലാണ് കമ്പംമെട്ട് പൊലീസ് ഇന്‍സ്‌പെക്ടര്‍ ജി സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ സാധനങ്ങള്‍ എത്തിച്ചു നല്കിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഓരോ തൊഴിലാളി കുടുംബങ്ങളിലും കയറിയിറങ്ങി ഇനി പണിക്ക് പോകാന്‍ പാടില്ലെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കിയിരുന്നു. അവശ്യസാധനങ്ങള്‍ വേണ്ടവര്‍ വിളിച്ചറിയിക്കണമെന്ന് നിര്‍ദേശവും നല്കിയിരുന്നു. ദിവസക്കൂലിക്ക് പണിക്ക് പോയിരുന്ന തൊഴിലാളികള്‍ പെട്ടെന്ന് ജോലി നിര്‍ത്തിയാല്‍ വീട്ടാവശ്യത്തിന് സാധനങ്ങള്‍ വാങ്ങാന്‍ കഴിയാതെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്ന് മനസിലാക്കിയാണ് പൊലീസ് ഇടപെടല്‍. തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ പലചരക്ക് ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ എത്തിച്ചു നല്കിയത്. വിവിധ രാഷ്ട്രീയ, സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് പൊലീസ് സംഘം അവശ്യസാധനങ്ങള്‍ ശേഖരിച്ച് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്തത്.