കൊറോണ ചികിൽസയിലിരിക്കെ പ്രശ്നമുണ്ടാക്കി; രണ്ടു പേർക്കെതിരേ കേസ്

കണ്ണൂര്‍: തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നിരന്തരം പ്രശ്നമുണ്ടാക്കിയ രണ്ട് കൊറോണ രോഗികൾക്കെതിരെ കേസ്.
ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തക‍ർക്കും രോഗികൾക്കും നിരന്തരം ബുദ്ധിമുട്ടുണ്ടാക്കുന്ന രണ്ടു രോഗികൾക്കെതിരെയാണ് കേസ്. മാസ്ക് ധരിക്കാൻ വിസമ്മതിക്കുകയും ഡോക്റുടെ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുകയും ചെയ്യുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. തുടര്‍ന്ന് സബ്കളക്ടറുടെ ഓഫീസിൽ നടന്ന അവലോകന യോഗത്തിലാണ് രോഗികൾക്കെതിരെ കേസെടുക്കാൻ തീരുമാനിച്ചത്.

ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ഡോക്ടറടക്കം ആറ് ആരോഗ്യ പ്രവർത്തകരെ നിരീക്ഷണത്തിലാക്കി. ഇതിൽ പനിയും അസ്വസ്തതയും ഉണ്ടായ ഒരു ആരോഗ്യപ്രവർത്തകനെ അഞ്ചരക്കണ്ടി പ്രത്യേക കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കണ്ണൂരിൽ കൊറോണ ബാധിതരുടെ എണ്ണം 47 ആയി. ദുബായിൽ നിന്നെത്തിയ കോട്ടയം പൊയിൽ സ്വദേശിയായ ഇയാൾക്ക് കൂടുതൽ സമ്പർക്കങ്ങളില്ല.കൂത്തുപറമ്പ് മേഖലയിൽ രണ്ടായിരത്തിലേറെ പേർ നിരീക്ഷണത്തിലാണ്. ഇവിടെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 17 ആയതോടെ അതീവ ജാഗ്രതയിലാണ് പ്രദേശം.