പെരുമ്പാവൂർ: ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കാത്തതിനെ തുടർന്ന് പെരുമ്പാവൂരിലും ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. പെരുമ്പാവൂർ ബംഗാൾ കോളനിയിലെ തൊഴിലാളികളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
കമ്യൂണിറ്റി കിച്ചൻ വഴി വിതരണം ചെയ്ത ഭക്ഷണം തികയാത്തതും, ഇഷ്ടഭക്ഷണം നൽകാഞ്ഞതും ഇവരുടെ പ്രതിഷേധത്തിന് ഇടയാക്കി. തുടർന്ന് പായിപ്പാട് രീതിയിൽ തൊഴിലാളികൾ റോഡിലിറങ്ങി പ്രതിഷേധിച്ചു.
മൂവായിരത്തിലധികം തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്.
ചോറും പരിപ്പ് കറിയുമാണ് ഉച്ചയ്ക്ക് അധികൃതർ എത്തിച്ചത്. എന്നാൽ ചോറ് വേണ്ട ചപ്പാത്തി മതിയെന്നും പരിപ്പ് കറിക്ക് ഗുണനിലവാരമില്ലെന്നുമായിരുന്നു തൊഴിലാളികളുടെ പരാതി.
കേരളീയ ഭക്ഷണം അവർക്ക് വേണ്ട എന്നറിയിച്ചതിനാൽ ചപ്പാത്തി ഉണ്ടാക്കാൻ ആട്ടയും ചപ്പാത്തി മെഷീനും അവർക്ക് എത്തിച്ചിരുന്നുവെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ അറിയിച്ചു. എന്നാൽ എന്താണ് യഥാർഥ പ്രശ്നമെന്ന് വ്യക്തമല്ലെന്നും കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.