സാമൂഹ്യ വ്യാപനം തടയാൻ റാപ്പിഡ് ടെസ്റ്റുകൾ നടത്താൻ സർക്കാർ തീരുമാനം

തിരുവനന്തപുരം: കൊറോണ പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സാമൂഹ്യ വ്യാപനം തടയാനായി വേഗത്തില്‍ ഫലമറിയുന്ന റാപ്പിഡ് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
ഇതിന് ഐ.സി.എം.ആര്‍. അനുമതി ലഭിച്ചിട്ടുണ്ട്. ഐ.സി.എം.ആര്‍.-എന്‍.ഐ.വി. അനുമതിയുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകളുപയോഗിച്ചാണ് പരിശോധന നടത്തുന്നത്. സമൂഹത്തില്‍ സ്‌ക്രീനിംഗ് നടത്തി അവരില്‍ പരിശോധന നടത്തി രോഗ സാധ്യതയുള്ളവരെ കണ്ടെത്താനാകും. അവരെ നിരീക്ഷണത്തിലാക്കി ആവശ്യമുള്ളവരെ പി.സി.ആര്‍. പരിശോധനയ്ക്ക് വിധേയമാക്കാവുന്നതാണ്. എത്രയും വേഗം ടെസ്റ്റ് കിറ്റെത്തിച്ച് റാപ്പിഡ് ടെസ്റ്റ് തുടങ്ങുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ശരീരത്തില്‍ എന്തെങ്കിലും വൈറസ് ബാധ ഉണ്ടോയെന്നറിയാൻ റാപ്പിഡ് ടെസ്റ്റുകൾ സഹായകമാകും.എന്നാല്‍ സാമൂഹ്യ വ്യാപനം പെട്ടെന്ന് തിരിച്ചറിയേണ്ടതിനാലാണ് വൈറസ് വ്യാപനം കണ്ടെത്താന്‍ റാപ്പിഡ് ടെസ്റ്റ് നടത്തുന്നത്. വെറസ് മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചാലുണ്ടാകുന്ന ആന്റിബോഡികള്‍ തിരിച്ചറിയാനാണ് റാപ്പിഡ് ടെസ്റ്റ് രീതി അവലംബിക്കുന്നത്.ഐ.സി.എം.ആറിന്റെ അനുമതിയുള്ള സര്‍ക്കാര്‍, സ്വകാര്യ ലാബുകള്‍ക്ക് മാത്രമേ റാപ്പിഡ് ടെസ്റ്റ് നടത്താനാവൂ.
നിലവില്‍ നിരീക്ഷണത്തിലുള്ളവരിലും അവരുമായി ബന്ധപ്പെട്ടവരും തുടങ്ങിയ എല്ലാവരിലും അതിവേഗം പരിശോധന നടത്തി ഫലമറിയാന്‍ റാപ്പിഡ് ടെസ്റ്റ് സഹായിക്കും. ഈ ടെസ്റ്റിലൂടെ പോസിറ്റീവുള്ളവരെ നിരീക്ഷണത്തിലാക്കാനും അവരില്‍ ആവശ്യമുള്ളവര്‍ക്ക് വിദഗ്ധ പരിശോധനയും ചികിത്സയും നല്‍കാനും സഹായിക്കും. അതിലൂടെ സമൂഹ വ്യാപനം പെട്ടെന്ന് തടയാനാകും.