ചങ്ങനാശേരി: നാട്ടിൽ പോകണമെന്ന ആവശ്യവുമായി ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ആശങ്കയിലാഴ്ത്തി. ചങ്ങനാശേരിയില്‍ അതിഥി തൊഴിലാളികളുടെ ശക്തമായ പ്രതിഷേധം നടക്കുകയാണ്. അയ്യായിരത്തിലധികം തൊഴിലാളികളാണ് പായിപ്പാട്ട് തടിച്ചുകൂടിയിരിയ്ക്കുന്നത്. നാട്ടിലേക്ക് മടങ്ങണമെന്നതാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം.
പശ്ചിമ ബംഗാള്‍, ഒറീസ, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പ്രതിഷേധിയ്ക്കുന്ന തൊഴിലാളികളില്‍ ഏറിയ പങ്കും. വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് തൊഴിലാളികള്‍ സംഘടിച്ചത്. ചെറു ഗ്രൂപ്പുകളായി സ്ഥലത്തെത്തിയ തൊഴിലാളികള്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിയ്ക്കുകയാണ്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജോലി ഇല്ലാതെയായി.കടകളും മറ്റും അടച്ചതോടെ ഭക്ഷണത്തിന് ബുദ്ധിമുട്ടുകയാണെന്ന് തൊഴിലാളികള്‍ ആരോപിയ്ക്കുന്നു.മതിയായ ചികിത്സാ സൗകര്യങ്ങള്‍ ലഭിയ്ക്കുന്നില്ലെന്നും തൊഴിലാളികള്‍ പരാതിപ്പെടുന്നു.