കൊറോണയ്ക്ക് ആയുർവേദ ചികിത്സാ പ്രചാരണം: മോഹനൻ വൈദ്യർ അറസ്റ്റിൽ

തൃശ്ശൂർ: കൊറോണയ്ക്ക് വ്യാജചികിത്സ നൽകിയതിന്‍റെ പേരിൽ മോഹനൻ വൈദ്യർ അറസ്റ്റിൽ. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മോഹനൻ വൈദ്യർക്ക് രോഗികളെ പരിശോധിക്കാനോ മരുന്ന് നൽകാനോ ലൈസൻസില്ലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കൊറോണയ്ക്ക് വ്യാജ ചികിത്സ നടത്തുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്.

കൊറോണ ചികിത്സിച്ച് ഭേദമാക്കുമെന്ന മോഹനൻ വൈദ്യരുടെ അവകാശവാദത്തെത്തുടർന്ന് തൃശ്ശൂരിലെ പരിശോധനാ കേന്ദ്രത്തിൽ റെയ്ഡ് നടന്നിരുന്നു. പൊലീസിന്‍റെയും ഡിഎംഒയുടെയും നേതൃത്വത്തിൽ തൃശ്ശൂർ രായിരത്ത് ഹെറിറ്റേജിലാണ് റെയ്ഡ് നടന്നത്. എന്ത് ചികിത്സയാണ് മോഹനൻ വൈദ്യർ ഇവിടെ നൽകുന്നതെന്ന വിവരങ്ങൾ ഡിഎംഒയും പൊലീസും നേരിട്ടെത്തി പരിശോധിച്ചു. ഇതേത്തുടർന്നാണ് ലൈസൻസ് പോലുമില്ലാതെയാണ് രോഗികളെ മോഹനൻ വൈദ്യർ പരസ്യം നൽകി വിളിച്ച് കൂട്ടി പരിശോധിച്ചതെന്ന് കണ്ടെത്തിയത്. ചികിത്സാപ്പിഴവ് മൂലം ഒന്നര വയസ്സുകാരി മരിച്ചതുൾപ്പടെ നിരവധി പരാതികളുയർന്ന വൈദ്യനാണ് മോഹനൻ വൈദ്യർ. വൈറസ് രോഗബാധകൾക്ക് ആധുനിക ശാസ്ത്രം പറയുന്ന മരുന്നുകൾ ഉപയോഗിക്കരുതെന്നും പാരമ്പര്യ വൈദ്യം മാത്രമാണ് പോംവഴിയെന്നും പറയുന്ന നിരവധി വീഡിയോകളാണ് മോഹനൻ വൈദ്യരുടെ ഫേസ്ബുക്ക് പേജിലുള്ളത്.