ന്യൂഡെൽഹി: ഇന്ത്യയിൽ 30 പേർക്ക് കൊറോണ വൈറസ്- കോവിഡ്-19 ബാധ സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 22 പേർക്കാണ് പുതിയതായി രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് ഒരാൾക്ക് കൂടി പുതുതായികൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് വ്യക്തമായി.ഇറ്റലിയിൽനിന്നെത്തിയ തങ്ങളുടെ ഒരു ജീവനക്കാരന് കൊറോണ ബാധിച്ചതായി പേടിഎം അറിയിച്ചിരുന്നു. കമ്പനിയുടെ ഗുരുഗ്രാമിലെയും നോയ്ഡയിലെയും ഓഫീസുകൾ രണ്ട് ദിവസത്തേക്ക് അടച്ചു. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലിചെയ്താൽ മതിയെന്ന് മാനേജ്മെന്റ് നിർദേശിച്ചു.
ഇതിനുപുറമേ വിദേശത്ത് 17 ഇന്ത്യക്കാർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 16 പേർ ജപ്പാൻ തീരത്തുള്ള ആഡംബരക്കപ്പലിലും ഒരാൾ യു.എ.ഇ.യിലുമാണ്. എല്ലാ രാജ്യത്തുനിന്നും ഇന്ത്യയിലെത്തുന്നവരെ പരിശോധനയ്ക്കു വിധേയരാക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
കൊറോണ ബാധിതർക്കായി ആഗ്രയിൽ പുതിയതായി ഒരു കേന്ദ്രം ആരംഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ ഇന്ന് രാജ്യസഭയിൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിഷയം നിരീക്ഷിക്കുകയാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്തുന്നതിന് മന്ത്രിമാരുടെ സംഘത്തെ നിയോഗിച്ചിട്ടുമുണ്ട്. സംസ്ഥാനങ്ങളുമായി വീഡിയോ കോൺഫറൻസിങ് വഴി ബന്ധപ്പെട്ട് വിലയിരുത്തലുകൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.