കണ്ണൂർ: പാസഞ്ചർ ട്രെയിനിലെ കോച്ചിൽ പുക നിറഞ്ഞപ്പോൾ വനിതാ യാത്രക്കാർ ചങ്ങല വലിച്ചു. കോഴിക്കോട്-കണ്ണൂർ പാസഞ്ചർ ട്രെയിനിൽ ഇന്ന് വൈകീട്ട് നാലിനായിരുന്നു സംഭവം.
എടക്കാട് സ്റ്റേഷൻ വിട്ടപ്പോഴായിരുന്നു കോച്ചിലേക്ക് ശക്തമായി പുക അടിച്ചുകയറിയത്. വണ്ടിക്ക് എന്തോ സംഭവിച്ചു എന്ന് ഭയപ്പെട്ട് ലേഡീസ് കോച്ചിലെ യാത്രക്കാർ അപായച്ചങ്ങല വലിക്കുകയായിരുന്നു.
10 മിനുട്ട് വണ്ടി നിർത്തിയിട്ടു. ഈ വണ്ടിയുടെ മുന്നിൽ സഞ്ചരിച്ച ചരക്കുവണ്ടിയിൽനിന്ന് പാളത്തിന്റെ ഇരുവശവും മെറ്റൽ പൊടി ഇറക്കിയതാണ് പുകനിറയാൻ കാരണം.പാളത്തിന് ഇരുവശവുമുള്ള പഴയ മെറ്റലിനു പകരം പുതിയവ നിറക്കുന്നതാണ് യാത്രക്കാർക്ക് കടുത്ത ദുരിതമായത്. ഈമാസം ആറിന് കോയമ്പത്തൂർ-മംഗളൂരു ഫാസ്റ്റ് പാസഞ്ചറിലെ യാത്രക്കാർ ഇതുപോലെ പേടിച്ച് അപായച്ചങ്ങല വലിച്ചിരുന്നു.
യാത്രാവണ്ടികൾ പോകുമ്പോൾ ചരക്കുവണ്ടിയിൽനിന്ന് മെറ്റൽ ഇറക്കുന്നത് പതിവായിട്ടുണ്ടെന്ന് യാത്രക്കാർ കുറ്റപ്പെടുത്തി.