തിരുവനന്തപുരം: 110 പേരുടെ മരണത്തിനിടയാക്കിയ പരവൂർ പുറ്റിംഗൽ വെടിക്കെട്ടു ദുരന്തം തടയുന്നതിൽ വീഴ്ച വരുത്തിയ റവന്യു- പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കാൻ മന്ത്രിസഭാ തീരുമാനം. ഉത്തരവാദികളായ ഫീൽഡ്തല ഉദ്യോഗസ്ഥരെ അടിയന്തരമായി സർവീസിൽനിന്നു സസ്പെൻഡ് ചെയ്യണമെന്ന ജുഡീഷൽ അന്വേഷണ കമ്മീഷന്റെ ശിപാർശയുടെ അടിസ്ഥാനത്തിലാണു മന്ത്രിസഭാ തീരുമാനം.
വെടിക്കെട്ടിന് അനുമതി നിഷേധിച്ച കളക്ടറുടെ ഉത്തരവു ധിക്കരിച്ച് ഇവിടെ വൻതോതിൽ സ്ഫോടക വസ്തുക്കളും വെടിക്കെട്ട് ഉപകരണങ്ങളും എത്തിച്ചിട്ടും തടയാനോ കസ്റ്റഡിയിൽ എടുക്കാനോ തയാറാകാതിരുന്ന അന്നത്തെ പ്രദേശത്തിന്റെ ചുമതലയുള്ള ഡിവൈഎസ്പി, സിഐ, എസ്ഐ തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേയും വില്ലേജ് ഓഫിസർ, തഹസിൽദാർ തുടങ്ങിയ റവന്യു ഉദ്യോഗസ്ഥർക്കെതിരേയും വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാനാണു തീരുമാനം.
ഓരോ ഉദ്യോഗസ്ഥർക്കെതിരേയും സ്വീകരിക്കേണ്ട വകുപ്പുതല അച്ചടക്ക നടപടി എന്തെന്നു പരിശോധിച്ച് ആവശ്യമായ വകുപ്പുകൾക്കു നിർദേശം നൽകാൻ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. ബന്ധപ്പെട്ട ഫീൽഡ്തല ഉദ്യോഗസ്ഥർക്കു കടുത്ത വീഴ്ചയുണ്ടായതായി ജസ്റ്റീസ് ഗോപിനാഥൻ അധ്യക്ഷനായ ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരുന്നു.
2016 ഏപ്രിൽ 10നു പുലർച്ചെ 3.30നാണു പുറ്റിംഗൽ വെടിക്കെട്ടു ദുരന്തമുണ്ടായത്. കന്പപ്പുരയ്ക്കു തീപിടിച്ചതിനെ തുടർന്നുണ്ടായ വെടിക്കെട്ടപകടത്തിൽ 110 പേർ കൊല്ലപ്പെട്ടു,