13,970 ക്വിന്റൽ റേഷൻസാധനങ്ങൾ പുഴുവരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻകടകൾവഴി വിതരണം ചെയ്യാൻ ഗോഡൗണുകളിൽ സൂക്ഷിച്ച 13,970 ക്വിന്റൽ ഭക്ഷ്യധാന്യങ്ങൾ കെട്ടിക്കിടന്ന് നശിച്ചതായി സിവിൽ സപ്ലൈസ് വകുപ്പിന്റെ കണ്ടെത്തൽ. പത്തുജില്ലകളിലായാണ് അരിയും ഗോതമ്പു മടക്കമുള്ള സാധനങ്ങൾ പുഴുവരിച്ചും ദുർഗന്ധം വമിച്ചും നശിച്ചത്.

മിക്ക ഗോഡൗണുകളിലും അശാസ്ത്രീയമായും അലക്ഷ്യമായുമാണ് ഭക്ഷ്യധാന്യം സൂക്ഷിച്ചിട്ടുള്ളതെന്നും റിപ്പോർട്ടുകളിലുണ്ട്. ചോർച്ചകാരണം ഭക്ഷ്യധാന്യങ്ങൾ നശിച്ച ഗോഡൗണുകളുമുണ്ട്.

ദുർഗന്ധമുള്ളതും പുഴുവരിച്ചതുമായ അരിയും ഗോതമ്പുമാണ് ഡിസംബറിൽ റേഷൻ കടകളിലെത്തിച്ചത്. കടയുടമകളുടെ പരാതിയെത്തുടർന്ന് ഗോഡൗണുകൾ പരിശോധിച്ചപ്പോഴാണ് പഴയതും പുതിയതുമായ ധാന്യം കൂട്ടിച്ചേർത്താണ് വിതരണം നടത്തിയതെന്ന് തെളിഞ്ഞത്.

കേടായ ഭക്ഷ്യധാന്യങ്ങൾക്കൊപ്പം പുതിയവ സൂക്ഷിക്കുന്നതും ഭക്ഷണ സാധനങ്ങൾ മോശമാകാൻ കാരണമായി.

കേടായവ വുത്തിയാക്കി വിതരണം ചെയ്യാനും അതിനു കഴിയാത്തവ കാലിത്തീറ്റയ്ക്ക് നൽകാനുമാണു തീരുമാനമാണ് സിവിൽ സപ്ലൈസിന്റെ തീരുമാനം.

പത്തു ജില്ലകളിലായി

4,73,481 കിലോ കുത്തരി,2,97,154 കിലോ പച്ചരി, 5,36,482 കിലോ പുഴുക്കലരി, 90,343 കിലോ ഗോതമ്പ് എന്നിങ്ങനെയാണ് ഭക്ഷണസാധനങ്ങൾ മോശമായത്. മറ്റു നാലു ജില്ലകളിലെ വിവരങ്ങൾ കൂടി ലഭിക്കുമ്പോൾ മോശമായ ഭക്ഷണ സാധനങ്ങളുടെ അളവ് കൂടുമെന്നാണ് സൂചന.