ചെന്നൈ: തമിഴ് സിനിമാ ലോകത്തെ ആശങ്കയുടെ മുൾമുനയിൽ നിർത്തി പ്രശസ്ത നടൻ വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്തു.
ചെന്നൈ പനയൂരിലെ വീട്ടിൽ രാത്രി വൈകിയും ചോദ്യം ചെയ്യലും തെളിവെടുപ്പും തുടരുന്നു. ഇടപാടുകാരുടെ കോടിക്കണക്കിന് രൂപയെ സംബന്ധിച്ച് നിർണായക സൂചന ലഭിച്ചതായി അറിയുന്നു.
ഇന്ന് ഉച്ചകഴിഞ്ഞാണ് നെയ് വേലി ലിഗ് നൈറ്റ് കോർപറേഷന്റെ സ്ഥലത്തെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് വിജയ്യെ ആദായ നികുതി ജീവനക്കാർ ആദ്യം ചോദ്യം ചെയ്തത്. മാസ്റ്റർ’ സിനിമയുടെ ഷൂട്ടിംഗ് സെറ്റിലെത്തിയ ഉദ്യോഗസ്ഥർ കുറച്ച് സംസാരിക്കാനുണ്ടെന്നു പറഞ്ഞ് സെറ്റിൽ നിന്ന് അദ്ദേഹത്തെ മാറ്റിയ ശേഷമായിരുന്നു ചോദ്യം ചെയ്യൽ.
വൈകിട്ട് ചെന്നൈയിലെ ഓഫീസിൽ എത്താൻ ആവശ്യപ്പെട്ടതനുസരിച്ച് ചെന്നപ്പോൾ
കസ്റ്റഡിയിലെടുത്ത് വീട്ടിലേക്ക് കുട്ടിക്കൊണ്ടുവരികയായിരുന്നു.
എ.ജി.എസ്. എന്റർടെയ്ൻമെന്റ് നിർമിച്ച വിജയിയുടെ ‘ബിഗിൽ’ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലെന്നാണ് സൂചന.വിജയിയുടെ ഏറ്റവും പുതിയ ചിത്രമായ ബിഗിൽ നിർമിച്ചത് എജിഎസ് എന്റർടെയ്ൻമെന്റ് ആയിരുന്നു. എ.ജി.എസ്. എന്റർടെയ്ൻമെന്റുമായി ബന്ധപ്പെട്ട 20 ഇടങ്ങളിൽ രാവിലെ മുതൽ ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. പ്രൊഡ്യൂസറായ ഗോപുരം ഫിലിംസിന്റെ അൻപുച്ചെഴിയന്റെ വീട്ടിലും ഓഫീസിലും പരിശോധന നടന്നു.
180 കോടി ബജറ്റിലായിരുന്നു ചിത്രത്തിന്റെ നിർമാണം. ഈ ചിത്രത്തിന്റെ ആദായ നികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചോദ്യംചെയ്യലിനിടയാക്കിയതെന്ന് അറിയുന്നു. ചിത്രത്തിൽ വിജയ് വാങ്ങിയ പ്രതിഫലം സംബന്ധിച്ചും പരിശോധനകൾ നടക്കുന്നുണ്ട്.
വിജയിയെ ചോദ്യംചെയ്ത സാഹചര്യത്തിൽ മാസ്റ്റർ സിനിമയുടെ ഷൂട്ടിങ് നിർത്തിവച്ചു.