ഇന്ത്യ അഭയാർഥികളുടെ അഭയകേന്ദ്രം: ഗവർണർ


തിരുവനന്തപുരം:അഭയാര്‍ത്ഥികളുടെ അഭയ കേന്ദ്രമാണ് ഇന്ത്യയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

ജാതിയുടേയോ നിറത്തിന്റെയോ സാമൂഹിക നിലവാരത്തിന്റെയോ പേരില്‍ ആരെയും മാറ്റി നിര്‍ത്തുന്ന പാരമ്പര്യമോ രീതിയോ ഇന്ത്യക്കില്ലെന്ന് റിപ്പബ്ലിക്ക് ദിനാഘോഷ പ്രസംഗത്തിൽ ഗവർണർ പറഞ്ഞു.

വൈവിധ്യത്തെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന നാടാണ് ഇന്ത്യയെന്ന് ഗവർണർ പറഞ്ഞു.

പൗരത്വഭേദഗതി വിഷയത്തിലെ സർക്കാർ ഗവർണർ തർക്കത്തിന്റെ പശ്ചാതലത്തിലായിരുന്നു ഗവര്‍ണറുടെ റിപ്പബ്ലിക് ദിന പ്രസംഗം.
വിവാദങ്ങളെ പരാമര്‍ശിക്കാതെ ഇന്ത്യയുടെ വൈവിദ്ധ്യത്തിലും സഹിഷ്ണുതയിലും അഭയാര്‍ത്ഥികള്‍ക്ക് ഇടം നല്‍കുന്ന പാരമ്പര്യത്തിലും ഊന്നിയാണ് ഗവര്‍ണർ പ്രസംഗിച്ചത്.
വിവാദങ്ങള്‍ക്കും ഗവര്‍ണര്‍ സര്‍ക്കാര്‍ തര്‍ക്കത്തിനും ഇടയില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും വേദി പങ്കിടുന്നതിന്റെ കൗതുകവും ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന് ഉണ്ടായിരുന്നു.
വികസന നേട്ടങ്ങളുടെ പേരില്‍ കേരളത്തേയും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയനേയും വാനോളം പുകഴ്ത്തിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസാരിച്ചത്.
സുസ്ഥിര വികസനത്തിനും നവീന ആശങ്ങള്‍ നടപ്പാക്കുന്ന കാര്യത്തിലും കേരളം മാതൃകയാണ്. പ്ലാസ്റ്റിക് നിരോധന നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളേും ഗവര്‍ണര്‍ പ്രസംഗത്തില്‍ പ്രശംസിച്ചു.