പന്തീരാങ്കാവ് വിഷയത്തിൽ സി പി എമ്മിൽ ഭിന്നത; പിണറായിക്കെതിരേ മോഹനൻ

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ വിഷയത്തെ ചൊല്ലി സി പി എമ്മിൽ ഭിന്നത. മുഖ്യമന്ത്രി പിണറായിക്കെതിരെ വിമര്‍ശനവുമായി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍. അതേ സമയം മുഖ്യമന്ത്രിയുടെ അഭിപ്രായം ശരിയാണെന്ന് പി.ജയരാജൻ പറഞ്ഞു.
ഇക്കാര്യത്തിൽ സർക്കാരും പാർട്ടിയും തമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് മന്ത്രി ഇ പി ജയരാജനും വ്യക്തമാക്കി.
സംഭവം വിവാദമായതോടെ മാധ്യമങ്ങൾ കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്ന് പറഞ്ഞ് മോഹനൻ പത്രക്കുറിപ്പിക്കി .

പൊലീസ് നല്‍കിയ വിവരം അനുസരിച്ചാണ് പ്രതികൾ മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പറഞ്ഞതെന്നായിരുന്നു മോഹനൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. എന്നാൽ ഇക്കാര്യത്തിൽ പാർട്ടി നിലപാട് വ്യത്യസ്തമാണ്.

മുഖ്യമന്ത്രിക്ക് പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലേ പറയാനാകൂ.
അലന്‍ ഷുഹൈബും താഹ ഫസലും കുട്ടികളാണ്. അവർക്ക് എന്തെങ്കിലും തെറ്റു പറ്റിയാല്‍ത്തന്നെ തിരുത്തേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണ്. പാര്‍ട്ടി ഒരു നടപടിയും ഇവര്‍ക്കെതിരെ സ്വീകരിച്ചിട്ടില്ല. ഇവരെ പാർട്ടി കൈവിട്ടിട്ടുമില്ല.
അലനും താഹയും സിപിഎമ്മില്‍ നിന്നുകൊണ്ട് മറ്റൊരു ആശയത്തിനായി പ്രവര്‍ത്തിച്ചെങ്കില്‍ അംഗീകരിക്കാനാവില്ല.എന്നാല്‍ അങ്ങനെയൊന്ന് അന്വേഷണത്തില്‍ ഇനിയും തെളിയേണ്ടതുണ്ട്.ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ കുട്ടികളുടെ ഭാഗം കേള്‍ക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല. അതില്ലാതെ നടപടിയെടുക്കാനാവില്ല.

അവര്‍ നിരപരാധിത്വം തെളിയിച്ച് പുറത്തു വരണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്.യുഎപിഎ ചുമത്തിയത് ശരിയല്ല എന്നുതന്നെയാണ് പാര്‍ട്ടിയുടെ നിലപാട്.
വിഷയത്തില്‍ ഇവരുടെ കുടുംബങ്ങൾ വൈകാരികമായി പ്രതികരിക്കുക സ്വാഭാവികമാണ്.പാര്‍ട്ടി അവരെ തിരിഞ്ഞു നോക്കുന്നില്ല എന്ന പരാതി ഗൗരവമായി കാണുമെന്നും മോഹനൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇരുവരുടെയും വീടുകൾ സന്ദർശിച്ച് പിന്തുണ പ്രഖ്യാപിച്ചതാണ് സി പി എമ്മിനെ പ്രതിരോധത്തിലാക്കിയത്.ആദ്യഘട്ടത്തിൽ മൗനം പാലിച്ച പാർട്ടി ജില്ലാ ഘടകം ചെന്നിത്തലയുടെ സന്ദർശനത്തെ തുടർന്നാണ് നിലപാട് വ്യക്തമാക്കിയത്.