തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റിനെ നിര്‍ദേശിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന ഭാരവാഹി യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ പേരിനു മുന്‍തൂക്കം. ദേശീയ വക്താവ് ജി.വി.എല്‍ നരസിംഹ റാവുവും സംഘടനാ ജോയിന്റ് സെക്രട്ടറി ശിവപ്രകാശും യോഗത്തില്‍ പങ്കെടുത്ത് നാല്‍പതോളം പേരെ ഒറ്റയ്ക്കൊറ്റയ്ക്കു കണ്ട് അഭിപ്രായം ശേഖരിച്ചു.
പ്രസിഡന്റ് പദത്തിലേക്ക് രണ്ടു പേരെ നിര്‍ദേശിക്കാനാണു ആവശ്യപ്പെട്ടത്. നാലു പേര്‍ അഭിപ്രായം ഇല്ലെന്ന് അറിയിച്ചു. സുരേന്ദ്രനു പിന്നാലെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശിന്റെയും ശോഭാ സുരേന്ദ്രന്റെയും പേരാണ് മിക്കവാറും പേര്‍ നിര്‍ദേശിച്ചത്. മറ്റൊരു ജനറല്‍ സെക്രട്ടറിയായ എ.എന്‍. രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്‍ എന്നിവരുടെ പേരുകളും വന്നു. ദേശീയ നേതാക്കള്‍ ആര്‍എസ്‌എസ് നേതൃത്വവുമായും കൂടിക്കാഴ്ച നടത്തി.
നിര്‍ദേശങ്ങള്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മുന്നിലെത്തും. അടുത്ത ആഴ്ച സംസ്ഥാന പ്രസിഡന്റിനെ പ്രഖ്യാപിക്കാനാണു നീക്കം. സാമുദായിക പ്രാതിനിധ്യം, പ്രവര്‍ത്തന പരിചയം, ആര്‍എസ്‌എസ് ഉള്‍പ്പെടെ പരിവാര്‍ സംഘടനകളുടെ പിന്തുണ, സ്ത്രീ പ്രാതിനിധ്യം എന്നിവ കൂടി പരിഗണിച്ച ശേഷമേ ദേശീയ നേതൃത്വം അന്തിമ തീരുമാനം എടുക്കൂ. പൊതുധാരണ ഉണ്ടാകുന്നില്ലെങ്കില്‍ കുമ്മനം രാജശേഖരന്‍, പി.കെ. കൃഷ്ണദാസ് എന്നീ മുതിര്‍ന്ന നേതാക്കളിലൊരാള്‍ക്കു നറുക്കുവീഴും.