ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരേ പ്രക്ഷോഭം ശക്തിപ്പെട്ട സാഹചര്യത്തില്‍ ഒഡീഷ മുഖ്യമന്ത്രിയും പൗരത്വപട്ടിക തയ്യാറാക്കുന്നതില്‍ നിന്ന് പിന്‍മാറുന്നു. കേന്ദ്ര പദ്ധതിക്കെതിരേ നിലപാട് വ്യക്തമാക്കുന്ന ഏഴാമത്തെ മുഖ്യമന്ത്രിയാണ് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. ബിജു ജനതാദള്‍ നേതാവായ അദ്ദേഹത്തിന്റെ പാര്‍ട്ടി അംഗങ്ങളായ എംപിമാര്‍ പാര്‍ലമെന്റില്‍ പൗരത്വ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, രാജസ്ഥാനിലെ അശോക് ഗലോട്ട് ഛത്തീസ്ഗഡിലെ ഭൂപേഷ് ബഗല്‍, കേരളത്തിലെ പിണറായി വിജയന്‍ തുടങ്ങിയവരാണ് പൗരത്വ നിയമത്തിനെതിരേ ഇതുവരെ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രിമാര്‍.
പൗരത്വ ഭേദഗതി ബില്ല് ഇന്ത്യന്‍ പൗരന്മാരെ ബാധിക്കില്ലെന്നും അത് അനധികൃതമായി കുടിയേറിയരെ മാത്രമേ ബാധിക്കുകയുള്ളൂവെന്നും എന്നാല്‍ പൗരത്വപട്ടിക വ്യത്യസ്തമാണെന്നുമാണ് നവീന്‍ പട്‌നായിക്കിന്റെ വാദം. അക്കാര്യം രാജ്യസഭാ ചര്‍ച്ചക്കിടയില്‍ തങ്ങളുടെ എംപിമാര്‍ സൂചിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണങ്ങളില്‍ വീണുപോകരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
പൗരത്വ പട്ടിക ജനങ്ങളെ ലക്ഷ്യം വയ്ക്കുന്നതാണെന്ന് ബിജെഡി ലോക്‌സഭ എംപി പിനാകി മിശ്ര അഭിപ്രായപ്പെട്ടു. പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ സമര്‍പ്പിക്കുക ദുഷ്‌കരമാണ്. തന്നോട് ജനനസര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ പറഞ്ഞാല്‍ താനും ബുദ്ധിമുട്ടും. കാരണം തനിക്ക് ജനന സര്‍ട്ടിഫിക്കറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ മറ്റൊരു സഖ്യകക്ഷിയായ ജെഡിയു പൗരത്വ പട്ടിക രാജ്യവ്യാപകമായി തയ്യാറാക്കുന്നതിന് എതിരാണ്. ജെഡിയു എംപിയും പാര്‍ലമെന്ററില്‍ പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായാണ് വോട്ട് ചെയ്തത്.