ന്യൂഡല്‍ഹി: സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ക്ക് ഇരയാകുന്നത് അടുത്ത പരിചയമുള്ളവരില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. 93 ശതമാനം ബലാത്സംഗക്കേസുകളിലും പ്രതികള്‍ ഇരയുമായി പരിചയമുള്ള വ്യക്തികളാണെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2017ല്‍ രാജ്യത്ത് 32,557 ബലാത്സംഗക്കേസുകളാണ് ഫയല്‍ ചെയ്യപ്പെട്ടത്. ഇതില്‍ 93.1% കേസുകളിലും ഇരയുമായി പരിചയമുള്ളവരാണ് പ്രതികള്‍.
30,299 ബലാത്സംഗ കേസുകളിലെ 3,155 എണ്ണത്തിലും പ്രതികള്‍ കുടുംബത്തില്‍ നിന്നുള്ളവരാണ്. 16,591കേസുകളില്‍ കുടുംബ സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, അയല്‍വാസി, അടുത്ത് പരിചയമുള്ളവര്‍ എന്നിവരാണ് പ്രതി ചേര്‍ക്കപ്പെട്ടത്. 10,553 കേസുകളില്‍ സുഹൃത്തുക്കള്‍, ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍, ഒപ്പം കഴിയുന്ന പങ്കാളി, ബന്ധം വേര്‍പെടുത്തി കഴിയുന്ന ഭര്‍ത്താവ് എന്നിവരാണ് പ്രതിസ്ഥാനത്ത്.
2017ല്‍ മധ്യപ്രദേശിലാണ് ഏറ്റവും കൂടുതല്‍ ബലാത്സംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രജിസ്റ്റര്‍ ചെയ്ത 5,562 കേസുകളില്‍ 97.5 ശതമാനത്തിലും ഇരയുമായി പരിചയമുള്ളവരാണ് പ്രതികള്‍. രാജസ്ഥാനില്‍ 3,305 കേസുകളില്‍ 87.9 ശതമാനത്തിലും പരിചയക്കാര്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നു.
മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസുകളില്‍ 98.1 ശതമാനത്തിലും പ്രതികള്‍ സുഹൃത്തുക്കളോ ബന്ധുക്കളോ ആണ്. മണിപ്പൂരില്‍ നിന്ന് ഇത്തരത്തിലുള്ള 40 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2015 ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുേമ്ബാള് അടുത്ത ബന്ധുക്കളില്‍ നിന്ന് സ്ത്രീകള്‍ ലൈംഗികപീഡനത്തിന് ഇരയാകുന്ന കേസുകള്‍ കുറഞ്ഞിട്ടുണ്ടെന്നും നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.