ലോക ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി മാര്‍ച്ച് 15 ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ തീരുമാനം: പിന്തുണയ്ക്കാതെ ഇന്ത്യ

ഹേഗ്: മാര്‍ച്ച് 15 ലോക ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ തീരുമാനത്തെ പിന്തുണയ്ക്കാതെ ഇന്ത്യ. ഒരു മതത്തിനെതിരെയുള്ള ആക്രമണങ്ങളെ മാത്രം പരിഗണിക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയ ഇന്ത്യന്‍ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി ലോകമെമ്പാടും സിഖ്-ഹിന്ദു-ബുദ്ധ മതങ്ങള്‍ക്കെതിരെ ആക്രമണം നടക്കുന്നുണ്ടെന്ന് പറഞ്ഞു.

193 അംഗ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഒഐസിക്ക് വേണ്ടി പാക്കിസ്ഥാന്‍ അംബാസഡര്‍ മുനീര്‍ അക്രം അവതരിപ്പിച്ച പ്രമേയമാണ് ഐക്യരാഷ്ട്ര സഭ അംഗീകരിച്ചത്. ഇസ്ലാമോഫോബിയ ഒരു യാഥാര്‍ത്ഥ്യമാണ്. ലോകത്തിന്റെ പലഭാഗത്തും മുസ്ലീങ്ങള്‍ക്കെതിരെ അക്രമവും വിവേചനവും വര്‍ധിച്ചുവരികയാണ്. ഇസ്ലാം മതത്തിന്റെ പേരിലുള്ള അവകാശ ലംഘനങ്ങളും അടിച്ചമര്‍ത്തലുകളും ലോകമെങ്ങും പടരുകയാണെന്നും മുനീര്‍ അക്രം പറഞ്ഞു.

ന്യൂസിലാന്റിലെ മസ്ജിദ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 15 ഇസ്ലാമോഫാബിയ വിരുദ്ധ ദിനമായി ആചരിക്കാന്‍ മക്കയില്‍ നടന്ന ഇസ്ലാമിക ഉച്ചകോടി ഐക്യരാഷ്ട്രസഭയോടും മറ്റ് പ്രാദേശിക സംഘടനകളോടും അഭ്യര്‍ത്ഥിച്ചിരുന്നു.