പുത്തൻകുരിശ്: മലങ്കര യാക്കോബായ സഭാ ശ്രേഷ്ഠ കാതോലിക്ക മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായെ ഭരണകാര്യ ങ്ങളിൽ സഹായിക്കുവാൻ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായെ ചുമതലപ്പെടുത്തി സഭാ തലവൻ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവായുടെ കല്പന. ശ്രേഷ്ഠ ബാവായുടെ പ്രായാധിക്യം പരിഗണിച്ച് ഇക്കാര്യത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുവാൻ സഭാസമിതികൾ പാത്രിയർക്കീസ് ബാവായോട് അപേക്ഷിച്ചിരുന്നു.
മെത്രാപ്പോലീത്തൻ സമിതി അംഗങ്ങളും, സഭാ ഭാരവാഹികളും ലെബനോനിലും ജർമ്മനിയിലും പാത്രിയർക്കീസ് ബാവായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചകളിലെ അപേക്ഷ പരിഗണിച്ചാണ് പാത്രിയർക്കീസ് ബാവായുടെ കല്പന. കാതോലിക്ക ഓഫീസിന്റെ സുഗമവും, കാര്യക്ഷമവുമായ പ്രവർത്തനം മുന്നിൽ കണ്ടുകൊണ്ടാണ് പാത്രി യർക്കീസ് ബാവായുടെ കല്പന.
തീരുമാനങ്ങൾ എടുക്കുമ്പോഴും, അറിയിപ്പുകളും ആശയവിനിയമങ്ങളും നടത്തുമ്പോഴും ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ശ്രേഷ്ഠ ബാവായുമായി കൂടിആലോചന നടത്ത ണമെന്നും പാത്രിയർക്കീസ് ബാവായുടെ കല്പനയിൽ പറയുന്നു. കഴിഞ്ഞ 2 വർഷമായി മെത്രാപ്പോലീത്തൻ ട്രസ്റ്റി എന്ന നിലയിൽ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ചുമതല നിർവ്വഹിച്ചുകൊണ്ടിരിക്കുകയാണ്. എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയായി 18 വർഷം അദ്ദേഹം ശുശ്രൂഷ ചെയ്തിരുന്നു.
പ്രായാധിക്യത്തിലും ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിലും ശ്രേഷ്ഠ ബാവാ മലങ്കരയിലെ സഭയ്ക്ക് നേതൃത്വം നൽകുന്നതിനെ ഓർത്ത് ദൈവത്തെ മഹത്വപ്പെടുത്തുന്നുവെന്നും വരും വർഷങ്ങളിലും ആരോഗ്യത്തോടെയും ദീർഘായുസ്സോടെയും സഭയ്ക്ക് നേതൃത്വം നൽകുവാൻ ദൈവം ശ്രേഷ്ഠ ബാവായെ സഹായിക്കട്ടെ എന്നും പാത്രിയർക്കീസ് ബാവാ ആശംസിച്ചു.