മലപ്പുറം: തെന്നല പോക്സോ കേസില്‍ തെറ്റായി പ്രതിചേര്‍ക്കപ്പെട്ടത് വഴി യുവാവ് ജയിലില്‍ കിടക്കേണ്ടി വന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടു. മലപ്പുറം ജില്ലാ പൊലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു. യുവാവ് ജയിലില്‍ കിടക്കേണ്ടി വന്ന സാഹചര്യം വിശദമായി അന്വേഷിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. യുവാവിൻ്റെ ഡിഎന്‍എ ഫലം നെഗറ്റീവായ പശ്ചാത്തലത്തിലാണ് കമ്മീഷന് അന്വേഷണത്തിന് തീരുമാനിച്ചത്. 35 ദിവസം യുവാവ് തിരൂര്‍ സബ് ജയിലില്‍ തടവില്‍ കഴിഞ്ഞു. സ്കൂളില്‍ നിന്ന് മടങ്ങിയ പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി യുവാവ് പീഡിപ്പിച്ചെന്നായിരുന്നു കേസ്.
കല്‍പ്പകഞ്ചേരി പൊലീസാണ് യുവാവിനെതിരെ കേസെടുത്തത്. തിരൂരങ്ങാടി പൊലീസാണ് തുടരന്വേഷണം നടത്തിയത്. യുവാവിൻ്റെ ആവശ്യപ്രകാരമാണ് ഡിഎന്‍എ ടെസ്റ്റ് നടത്തിയത്. കഴിഞ്ഞ ദിവസം ഫലം വന്നപ്പോള്‍ ടെസ്റ്റ് നെഗറ്റീവായി. തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശാനുസരണം യുവാവിനെ ജയില്‍ മോചിതനാക്കുകയായിരുന്നു.
അതേസമയം ഡിഎൻഎ പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലും ജയിൽ മോചിതമായ ശ്രീനാഥ് കേസിൽ പ്രതിയല്ലാതാകില്ലെന്നാണ് പോലീസ് നിലപാട്. കേസിൽ വിശദമായ അന്വേഷണത്തിന് പോലീസ് തയാറെടുക്കുകയാണ് പോലീസ്. പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് ഉൾപ്പടെ നൽകി വിശദാംശങ്ങൾ ചോദിച്ചറിയാനാണ് പോലീസ് ശ്രമം. ഇതിനായുള്ള നടപടികൾ തിരൂരങ്ങാടി പോലീസ് തുടങ്ങി.
കുട്ടിയുടെ പിതാവ് ശ്രീനാഥ് അല്ലെന്ന് മാത്രമേ തെളിഞ്ഞിട്ടുള്ളൂ. പെണ്‍കുട്ടിയെ ഇയാൾ ലൈംഗികമായി ഉപയോഗിച്ചോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ടെന്നാണ് പോലീസ് പറയുന്നത്.
ശ്രീനാഥാണ് പീഡിപ്പിച്ചതെന്നായിരുന്നു നേരത്തെ പെണ്‍കുട്ടി നൽകിയിരുന്ന മൊഴി. അതിനാൽ തന്നെ ഇയാളെ പ്രതിയാക്കി പോലീസ് കേസ് അന്വേഷണം അവസാനിപ്പിച്ച മട്ടിലായിരുന്നു. ശ്രീനാഥ് കുറ്റം നിരവധി തവണ നിഷേധിച്ചെങ്കിലും പോലീസ് ഇക്കാര്യം മുഖവിലയ്ക്കെടുത്തിരുന്നില്ല. തുടർന്നാണ് ഡിഎൻഎ പരിശോധന നടന്ന് യുവാവ് കൗമാരക്കാരൻ മോചിതനായത്. ഇതോടെ പോലീസ് വെട്ടിലാവുകയായിരുന്നു.
അതിനിടെ ശ്രീനാഥിനെ അറസ്റ്റ് ചെയ്ത നടപടിയിൽ തെറ്റുപറ്റിയിട്ടില്ലെന്നാണ് പോലീസ് നിലപാട്. പോലീസിന് മുൻപാകെ മാത്രമല്ല മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിലും പെണ്‍കുട്ടി ശ്രീനാഥിന്റെ പേരാണ് പറഞ്ഞിരുന്നതെന്നാണ് പോലീസ് ഭാഷ്യം.