താലിബാന്റെ കണ്ണിൽപ്പെടാതെ 162 ഇന്ത്യക്കാരുമായി എയർബസ് എ 320 വിമാനം മടങ്ങി ; രാത്രി ഡെൽഹിയിലെത്തും

ന്യൂഡെൽഹി: ഇന്ത്യൻ നയതന്ത്ര പ്രതിനിധികളും സുരക്ഷാ ജീവനക്കാരുമടക്കം 162 ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ എയർബസ് എ 320 വിമാനം ഇന്ന് രാത്രിയോടെ ഡെൽഹിയിൽ മടങ്ങിയെത്തും. നാൽപ്പതു യാത്രക്കാരുമായാണ് വിമാനം കാബൂളിലെത്തിയത്.

ഇന്ന് ഉച്ചയ്ക്ക് 12.43നാണ് ഡെൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യയുടെ എയർബസ് എ 320 വിമാനം അഫ്ഗാനിസ്ഥാനിലെയ്ക്ക്‌ പുറപ്പെട്ടത്. ഭീകരരുടെ കൈകളിലകപ്പെടാതെ അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ സ്വന്തം പൗരന്മാരെ സുരക്ഷിതരായി തിരിച്ചെത്തിക്കാൻ ഇന്ത്യ അയച്ച വിമാനമാണത്.

കൃത്യ സമയത്തുതന്നെ വിമാനം അഫ്ഗാന്റെ ആകാശം തൊട്ടെങ്കിലും ഇറങ്ങാൻ അനുമതി ലഭിച്ചില്ല. കാരണം അപ്പോഴേക്കും അഫ്ഗാനിസ്ഥാനിൽ സ്ഥിതിഗതികൾ മാറി മറിഞ്ഞിരുന്നു. തലസ്ഥാനമായ കാബൂളും പിടിച്ചടക്കി താലിബാൻ ഭീകരർ അഫ്ഗാനിസ്ഥാന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തതോടെ കാബൂൾ എയർ ട്രാഫിക് കൺട്രോൾ റൂമിന് എയർ ഇന്ത്യ വിമാനത്തിന് വിവരങ്ങൾ കൈമാറാൻ കഴിഞ്ഞില്ല. ഉടനെ പൈലറ്റ് വിമാനത്തിന്റെ റഡാർ ഓഫ് ചെയ്തു. ഒടുവിൽ താലിബാന്റെ നിരീക്ഷണത്തിൽ അകപ്പെടാതെ ഒരു മണിക്കൂറോളം വിമാനം അഫ്ഗാന്റെ ആകാശത്ത് വട്ടമിട്ടു. ആശങ്കയുടെ നിമിഷങ്ങൾക്കൊടുവിൽ കാബൂൾ സമയം ഉച്ചയ്ക്ക് 1.45ന് സുരക്ഷിതമായി വിമാനം ഇറങ്ങി.

കാണ്ഡഹാറിലെയും മസർ ഇ-ഷെരിഫിലെയും ഇന്ത്യൻ കോൺസുലേറ്റുകൾ അടച്ചു. ഇതോടെയാണ് കാബൂളിൽ കുടുങ്ങിയ മുഴുവൻ ഇന്ത്യക്കാരെയും പ്രത്യേക വിമാനങ്ങളിൽ ഇന്ത്യ തിരിച്ചുകൊണ്ടുവരുന്നത്.