സ്പ്രിംഗ്ലർ: രണ്ട് ലക്ഷം പേരുടെ വിവരങ്ങൾ കൈകാര്യം ചെയ്യാൻ കഴിയില്ലേ;സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: സ്പ്രിംഗ്ലർ വിഷയത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വെറും രണ്ട് ലക്ഷം പേരുടെ വിവരങ്ങൾ കൈകാര്യം പോലും ചെയ്യാൻ സർക്കാരിന് കഴിയില്ലേയെന്ന് ഹൈക്കോടതി.

കമ്പനിയുമായുണ്ടാക്കിയ കരാറിൽ സർക്കാർ സ്വകാര്യത ഉറപ്പുവരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ഈ ഡാറ്റകൾ സുരക്ഷിതമാണോ എന്ന കാര്യം കോടതിയെ വ്യക്തമായി അറിയിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

സർക്കാരിന് സ്വന്തമായി ഐടി വിഭാഗമുണ്ടായിട്ടും പിന്നെ എന്തിനാണ് വിദേശ കമ്പനികളെ ജനങ്ങളുടെ ആരോഗ്യ വിവരങ്ങളെ സംബന്ധിക്കുന്ന കാര്യങ്ങൾ ഏല്പിക്കുന്നതിനും കോടതി വിമർശിച്ചു.
മെഡിക്കൽ വിവരങ്ങൾ പ്രാധാന്യമുള്ളതാണ്. വിവരങ്ങൾ സ്പ്രിൻക്ലറിന്റെ കൈവശം സുരക്ഷിതമോ എന്ന് ഹൈക്കോടി ചോദിച്ചു. നിർണായക വിവരങ്ങൾ ശേഖരിക്കുന്നില്ല എന്ന സർക്കാർ വാദം അംഗീകരിക്കാൻ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

സ്പ്രിംഗ്ലറിന് ഇപ്പോഴും ഡാറ്റ കൈമാറുന്നുണ്ടോ എന്നും കൈമാറുന്ന ഡാറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടോ എന്നുമുള്ള കാര്യം പതിനഞ്ച് മിനിട്ടിനകം കോടതിയെ അറിയിക്കണമെന്ന് സർക്കാർ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. ഇതിനു ശേഷം ഇന്നുതന്നെ ഹൈക്കോടതി ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കും. ആവശ്യമെങ്കിൽ ഇന്നുതന്നെ ഒരു ഇടക്കാല ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിക്കാനും സാധ്യതകൾ ഉണ്ട്.

എന്നാൽ ഇപ്പോൾ സെൻസിറ്റീവ് ഡാറ്റകൾ ഒന്നും സ്പ്രിംഗ്ലറിന് നൽകുന്നില്ല എന്നാണ് സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്.അതേസമയം ഹർജിയിൽ ഹൈക്കോടതി തീരുമാനം എടുക്കുന്നതുവരെ സ്പ്രിംഗ്ലറിന് ഡാറ്റ കൈമാറുന്നത് താൽക്കാലികമായി തടഞ്ഞുകൊണ്ട് ഉത്തരവ് വേണം എന്നാണ് ഹർജിക്കാർ ആവശ്യപ്പെട്ടത്.