ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ ഏതാണെന്ന ചോദ്യത്തിന് ‘കന്നട’ എന്ന ഗൂഗിൾ സെർച്ച് എഞ്ചിനിൽനിന്നുള്ള മറുപടിക്കെതിരെ കർണാടക സർക്കാർ നിയമനടപടിക്കൊരുങ്ങുന്നു. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഗൂഗിൾ അധികൃതർക്ക് നോട്ടീസ് അയക്കുമെന്ന് കന്നട സാംസ്കാരിക മന്ത്രി അരവിന്ദ് ലിംബാവലി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ എന്ന ചോദ്യത്തിനുള്ള ഉത്തരം ഗൂഗിളിൽ സെർച്ച് ചെയ്യുമ്പോഴാണ് കന്നട എന്ന ഉത്തരം കാണിക്കുന്നത്. ഇതിൻ്റെ സ്ക്രീൻഷോർട്ട് ഉൾപ്പെടെ പങ്കുവെച്ചുകൊണ്ട് കന്നടിഗർ രംഗത്തുവരുകയായിരുന്നു.
ഏറ്റവും മോശമായ ഭാഷ കന്നടയാണെന്ന ഗൂഗിളിൻ്റെ ഉത്തരത്തിനെതിരെ ട്വിറ്ററിലൂടെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് ഇക്കാര്യത്തിൽ സർക്കാർ ഇടപെട്ടത്. ഒരു വെബ്സൈറ്റിൽ നൽകിയ വിവരമാണ് ഗൂഗിൾ നൽകിയിരുന്നത്. ഇതേതുടർന്ന് ഈ വെബ്സൈറ്റ് ആളുകൾ റിപ്പോർട്ട് ചെയ്തു.
വ്യാപക വിമർശനം ഉയർന്നതോടെ വ്യാഴാഴ്ച വൈകിട്ട് മൂന്നോടെ ഗൂഗിൾ വെബ്സൈറ്റിൽനിന്നും എടുത്തിട്ടുള്ള ഉത്തരം നീക്കം ചെയ്തു. കന്നട ഭാഷക്ക് അതിന്റേതായ ചരിത്രമുണ്ടെന്നും 2,500ലധികം വർഷത്തിൻറെ പഴക്കമുണ്ടെന്നും കന്നടിഗരുടെ അഭിമാനമാണെന്നും മന്ത്രി അരവിന്ദ് ലിംബാവലി ട്വീറ്റ് ചെയ്തു.