തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ദിവസേനയുള്ള വാര്‍ത്താ സമ്മേളനം നിര്‍ത്തിയതിനെ പരിഹസിച്ച സംഭവത്തില്‍ എംഎല്‍എ കെ എസ് ശശബരീനാഥനും എഴുത്തുകാരന്‍ ബെന്ന്യാമിനും തമ്മില്‍ വാക്‌പ്പോര്. ‘ നാളെ വൈകുന്നേരം 6 മുതല്‍ കട മുടക്കം’ എന്ന ശബരിനാഥന്റെ പോസ്റ്റ് ഉള്‍പ്പെടെയുള്ള പരിഹാസങ്ങള്‍ക്ക് എതിരെ കോണ്‍ഗ്രസിന്റെയും ‘ഇന്ത്യയുടേയും ഭാവി ഈ കൊഞ്ഞാണന്മാരുടെ കയ്യില്‍ ഭദ്രമാണല്ലോ എന്നോര്‍ക്കുമ്പോഴാണ് ഒരു ഇത്’ എന്ന വിമര്‍ശനം ഉന്നയിച്ചതോടെയാണ് ഇരുവരും തമ്മില്‍ വാക്‌പ്പോര് ആരംഭിച്ചത്.
ബെന്ന്യാമിന്റെ വിമര്‍ശനത്തിന്, ‘പക്ഷേ ഈ തട്ടിപ്പിനെതിരെ ഈ സമയത്തു ഒന്നും നിങ്ങള്‍ പ്രതികരിച്ചില്ലെങ്കില്‍, ചരിത്രം നിങ്ങള്‍ക്ക് ചാര്‍ത്താന്‍ പോകുന്നത് ‘ആസ്ഥാനകവി’ എന്ന പേരായിരിക്കും. ജനാധിപത്യ കാലത്ത് ചിലരെ വാഴ്ത്താന്‍ വേണ്ടി സെലെക്ടിവായി പേന ചലിപ്പിക്കുന്ന ആസ്ഥാനകവി എന്ന പട്ടം ആര്‍ക്കും ഭൂഷണമല്ല.’ എന്നായിരുന്നു ശബരിനാഥന്റെ മറുപടി.
ഇതിന് മറു കുറിപ്പുമായി രംഗത്ത വന്ന ബെന്ന്യാമിന്‍, ആസ്ഥാനകവി. അതെനിക്ക് നന്നേ പിടിച്ചു. കാരണം കാലു നക്കിയും സ്തുതി പാടിയും മാത്രം സ്ഥാനമാനങ്ങള്‍ നേടാന്‍ കഴിയാവുന്ന ഒരു രാഷ്ട്രീയ സംസ്‌കാരത്തില്‍ അറിയാതെ പെട്ടുപോയ ഒരാളുടെ മനോഭാവമാണത്. അവിടെ നില്‍ക്കുന്നവര്‍ക്ക് അങ്ങനെ മാത്രമേ തോന്നു. എന്നാല്‍ ഞാനതില്‍ പെടുന്ന ഒരാളല്ല. എനിക്ക് എന്റെ കഴിവില്‍ നല്ല ബോധ്യമുണ്ട്. ഇതുവരെ എത്തിയത് എങ്ങനെയാണ് എന്ന ഉറച്ച ബോധ്യം. പ്രശ്‌നാധിഷ്ഠിതമായി വിഷയങ്ങളെ സമീപിക്കാന്‍ ഉള്ള ആര്‍ജ്ജവവും ഉണ്ട്. ഞങ്ങളുടെ ഒക്കെ പ്രിയപ്പെട്ട ‘ജി.കെ യുടെ മകന്’ അങ്ങനെ ഒരു ബോധ്യം ഉണ്ടാവുന്ന കാലത്ത് ആസ്ഥാനകവി പട്ടം മോഹിക്കല്‍ അവസാനിച്ചു കൊള്ളും.’ എന്ന് മറുപടി നല്‍കി.