തായ്പേയ്: തായ്വാനിലെ തുരങ്കത്തിൽ ട്രെയിൻ പാളംതെറ്റിയുണ്ടായ അപകടത്തിൽ 50 പേർ മരിക്കുകയും ഏതാണ്ട് 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ നിരവധി പേർ തുരങ്കത്തിനകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.
വാരാന്ത്യമാഘോഷിക്കുന്ന സഞ്ചാരികളാണ് ട്രെയിനിൽ ഭൂരിപക്ഷവും. കിഴക്കൻ തായ്വാനിലെ ഹുലിയാനിൽ പ്രാദേശിക സമയം രാവിലെ 9.28നാണ് അപകടമുണ്ടായത്. 400ലധികം യാത്രക്കാരുമായി തായ്പേയിൽനിന്ന് തായ്തൂങ്ങിലേക്ക് പോകവെ ടണലിന് സമീപത്തുവെച്ച് ട്രക്കിൽ ഇടിച്ചാണ് ട്രെയിൻ പാളം തെറ്റിയത്.
പാളത്തിൽനിന്ന് അകന്നുമാറിയ നാലു കമ്പാർട്‌മെന്റുകൾ ടണലിൽ കുടുങ്ങിക്കിടക്കുകയാണ്. കമ്പാർട്മെന്റുകളുടെ വാതിൽ തകർത്താണ് പരിക്കേറ്റവരെ പുറത്തെടുത്തത്. അറ്റകുറ്റപ്പണി നടത്തുന്ന എൻജിനീയറിങ് ടീമിൻറെ ട്രക്കിൽ ട്രെയിൻ ഇടിച്ചതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി തായ്വാൻ റെയിൽവേ അറിയിച്ചു.
സംഭവ സമയത്ത് ക്രെയിൻ ട്രക്കിൽ ഇല്ലാതിരുന്ന വാഹനത്തിൻ്റെ ഡ്രൈവറെ പോലീസ് ചോദ്യം ചെയ്യുകയാണ്. അടുത്തുള്ള വർക്ക് സൈറ്റിലെ സൂപ്പർവൈസറായിരുന്നു അദ്ദേഹം. ഉത്സവാവധിയായതിനാൽ റെയിൽവേ ട്രാക്കിന് സമീപത്തെ വർക്കിങ് സൈറ്റിന് അവധിയായിരുന്നു.
എന്നാൽ, അവധി ദിവസവും ക്രെയിൻ ട്രക്കിൻറെ ഡ്രൈവർ ജോലി സ്ഥലത്തെത്തിയത് ദുരൂഹത വർദ്ധിപ്പിക്കുന്നു. ഇയാളെ ചോദ്യം ചെയ്താലേ കെയിൻ ട്രക്ക് എങ്ങനെയാണ് റെയിൽവേ ട്രാക്കിലേക്ക് നീങ്ങിയതെന്ന് അറിയാൻ കഴിയൂ.
പ്രാഥമിക പരിശോധനയിൽ ക്രെയിൻ ട്രക്ക് ഹാൻഡ് ഗിയറിലായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ഷുലിനിൽ നിന്ന് കിഴക്കൻ പ്രദേശമായ ഹുവാലിയനിലേക്കുള്ള റെയിൽവേ റൂട്ട് വിനോദസഞ്ചാരത്തിനും പേരുകേട്ടതാണ്. പ്രത്യേകിച്ചും അവധി ദിവസമായതിനാൽ ട്രെയിനിൽ ആളുകൾ തിങ്ങി നിറഞ്ഞായിരുന്നു യാത്ര ചെയ്തിരുന്നത്.