ബാലശങ്കറിന്റേത് സീറ്റു കിട്ടാത്തതിലുള്ള വികാര പ്രകടനമാണെന്ന് കെ.സുരേന്ദ്രൻ

പത്തനംതിട്ട: ബിജെപി നേതൃത്വത്തിനെതിരെ തുറന്നടിച്ച ഓർഗനൈസറിന്റെ മുൻ പത്രാധിപർ ആർ.ബാലശങ്കറിനു മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ബാലശങ്കറിന്റേത് സീറ്റു കിട്ടാത്തതിലുള്ള വികാര പ്രകടനമാണ്. അദ്ദേഹം മത്സരിക്കാൻ ആഗ്രഹിച്ചിരുന്നതായി തനിക്ക് അറിയില്ല.

ബാലശങ്കർ മറുപടി അർഹിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ചെങ്ങന്നൂരിൽ തനിക്കു സീറ്റ് നിഷേധിച്ചതിനു പിന്നിൽ ബിജെപിയും സിപിഎമ്മ‍ും തമ്മിലുള്ള ഡീൽ ആകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നായിരുന്നു ബാലശങ്കറിന്റെ ആരോപണം.

ചെങ്ങന്നൂരും ആറന്മുളയിലും സിപിഎമ്മിന്റെ വിജയം ഉറപ്പാക്കി കോന്നിയിൽ വിജയിക്കുകയെന്നാതാകാം ഡീൽ എന്നും അദ്ദേഹം ആരോപിച്ചു. ചെങ്ങന്നൂർ സീറ്റിൽ സ്ഥാനാർഥിയാകുമെന്നു പ്രതീക്ഷിച്ചിരുന്ന ബാലശങ്കറിനെ ഒഴിവാക്കി ബിജെപി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാറിനെയാണു സ്ഥാനാർഥിയാക്കിയത്.