കൊച്ചി: ഇന്നത്തെ താരം മാസ്ക്കാണ്. കൊറോണയെന്ന മാരകമായ വൈറസിനെ പ്രതിരോധിച്ച മാസ്ക്കെന്ന വമ്പൻ പടയാളി ഇനി യുദ്ധവിമാനങ്ങള്‍ക്കും അന്തര്‍വാഹിനികള്‍ക്കും കവചമാകും. എങ്ങനെയെന്നല്ല?.
മാസ്കിന്റെ പുനരുപയോഗത്തിലൂടെയാണ് യുദ്ധവിമാനങ്ങള്‍ക്കും അന്തര്‍വാഹിനികള്‍ക്കും കവചമാകുന്നത്.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യുടെ പുത്തല്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചതോടെയാണ് ഇതിന് വഴിയൊരുങ്ങുന്നത്. കുസാറ്റ് പോളിമര്‍ സയന്‍സ് ആന്‍ഡ് റബ്ബര്‍ ടെക്നോളജി പ്രൊഫ പ്രശാന്ത് രാഘവന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം. മാസ്കില്‍ നിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക്കിനെ റബ്ബറുമായി കൂട്ടിക്കലര്‍ത്തി പോളിമര്‍ ബ്ലെന്ഡുണ്ടാക്കും.
യുദ്ധവിമാനങ്ങളുടെയും അന്തര്‍വാഹിനികളുടെയും സുരക്ഷിത കവചങ്ങള്‍, ഡാഷ് ബോര്‍ഡുകള്‍, ഹൈ പെര്‍ഫോമന്‍സ് കാര്‍ ബമ്ബറുകള്‍ എന്നിങ്ങനെ സാങ്കേതിക മേന്മയുള്ള ഒട്ടേറെ ഉത്പന്നങ്ങളുടെ നിര്‍മാണത്തിന് ഇവ ഉപയോഗിക്കാം.
മാസ്കുകളില്‍ നിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക് നാരുകളെ ക്യത്യമായ അളവിലും രീതിയിലും റബ്ബറിലേക്ക് കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ പോളിമര്‍ ബ്ലെന്ഡുകളുടെ സ്വഭാവത്തില്‍ മാറ്റംവരുത്തി വ്യത്യസ്തതയുള്ള, ഗുണമേന്മയുള്ള വിവിധതരം ഉത്പന്നങ്ങള്‍ ഉണ്ടാക്കാം.