തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കാസർകോട് 4, കണ്ണൂർ 4, മലപ്പുറം 2, കൊല്ലം 1, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. 11 പേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. ഒരാൾ വിദേശത്തുനിന്നും എത്തിയതാണ്. 13 പേരുടെ ഫലം നെഗറ്റീവായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചിട്ട് ഇന്ന് 100 ദിവസം കഴിയുകയാണ്. ഇതുവരെ 357 പേർക്കാണ് രോഗബാധയുണ്ടായത്.ഇതിൽ 97 പേർ രോഗസൗഖ്യം നേടി. 258 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിൽസയിലുള്ളത്. ഇതിൽ 136 പേർ കാസർകോട് ജില്ലയിലാണ്. കണ്ണൂർ 50, മലപ്പുറം 14, കോഴിക്കോട് 9, എറണാകുളം, പത്തനംതിട്ട (8 വീതം) എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കൊറോണ ബാധിതർ.
‘നാളെ ദുഃഖ വെള്ളിയാഴ്ചയാണ്. യേശുക്രിസ്തുവിന്റെ ഓർമ ഉണർത്തുന്ന ദിനം. രോഗികളെ സുഖപ്പെടുത്തുക എന്ന ക്രിസ്തു സന്ദേശം ഉൾക്കൊണ്ട് കൊറോണ ബാധിതരുടെ സുഖപ്പെടലിന് വേണ്ടി പുനരർപ്പണം നടത്താനുള്ള സന്ദർഭമായി ഇതിനെ ഉപയോഗപ്പെടുത്താമെന്ന് പിണറായി പറഞ്ഞു.