പാലക്കാട്: വാളയാർ കേസിൽ തുടരന്വേഷണത്തിന് പാലക്കാട് പോക്‌സോ കോടതി അനുമതി നൽകി. തുടരന്വേഷണം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം നൽകിയ അപേക്ഷയിലാണ് കോടതിയുടെ തീരുമാനം.
എസ് പി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് തുടരന്വേഷണത്തിനുള്ള അപേക്ഷ പാലക്കാട് പോക്‌സോ കോടതിയിൽ നൽകിയത്. കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും തുടരന്വേഷണത്തിനായി സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത് വരെയാണ് പുതിയ സംഘം അന്വേഷണം നടത്തുന്നത്. ജനുവരി 19 നാണ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചത്. നിശാന്തിനി ഐപിഎസിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം. ക്രൈംബ്രാഞ്ച് എസ്പി എ എസ് രാജു, ഡി സി പി ഹേമലത എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരിക്കും.
കഴിഞ്ഞദിവസം വി മധു, ഷിബു എന്നീ പ്രതികളുടെ കസ്റ്റഡി കാലാവധി ഫെബ്രുവരി 15 വരെ നീട്ടിയിരുന്നു. കേസിലെ മറ്റൊരു പ്രതി എം മധു ഹൈക്കോടതിയുടെ ജാമ്യത്തിലാണ്.
2017-ലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. പതിമൂന്നുകാരിയായ മൂത്ത പെൺകുട്ടിയെ ജനുവരി 13-ന് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇതേവർഷം മാർച്ച് നാലിന് ഒമ്പതുവയസ്സുള്ള ഇളയസഹോദരിയെയും അട്ടപ്പള്ളത്തെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഇളയകുട്ടിയും മരിച്ചതോടെയാണ് സംഭവം പൊതുശ്രദ്ധയിലെത്തിയത്. തുടക്കംമുതൽതന്നെ വിവാദമായകേസിൽ പ്രതികൾക്ക് രാഷ്ട്രീയബന്ധമുൾപ്പെടെ ആരോപിക്കപ്പെട്ടിരുന്നു.
അന്വേഷണത്തിനും വിചാരണയ്ക്കുമൊടുവിൽ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നുകാണിച്ച് 2019-ൽ കോടതി പ്രതികളെ വെറുതെവിട്ടു. തുടർന്ന്, പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പ്രോസിക്യൂഷന്റെ വീഴ്ച വിവാദമായതോടെ സർക്കാരും അപ്പീൽ നൽകി. തുടർന്ന് പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. കേസ് പുനർവിചാരണയ്ക്ക് പാലക്കാട് പോക്സോ കോടതിയിലേക്ക് വിടുകയുംചെയ്തു.