ശ്വാസം പിടിച്ചുവയ്ക്കുന്നത് കൊറോണ പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ഗവേഷകർ

ചെന്നൈ: ശ്വാസം പിടിച്ചുവയ്ക്കുന്നത് കൊറോണ പിടിപെടാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ഗവേഷകർ. മദ്രാസ് ഐഐടിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ പുതിയ കണ്ടെത്തല്‍. ശ്വാസകോശത്തിന്റെ ഉള്ളറകളിലേക്ക് വൈറസ് വഹിക്കുന്ന സ്രവകണങ്ങളെ എത്തിക്കുന്ന പ്രക്രിയ ശ്വസന ആവൃത്തി കുറയുന്നത് അനുസരിച്ച് വര്‍ധിക്കുന്നു എന്നതാണ് പഠനത്തിലെ കണ്ടെത്തല്‍.

ശ്വാസം പിടിച്ചു വയ്ക്കുന്നത് ശ്വാസകോശത്തിനുള്ളില്‍ വൈറസിന് നിലനില്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് ശാസ്ത്ര ജേണലായ ഫിസികിസ് ഓഫ് ഫ്‌ലൂയിഡില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്.

ശ്വാസകോശത്തിന്റെ ഉള്ളറകളിലേക്ക് വൈറസ് എങ്ങനെയാണ് കടന്നെത്തുന്നതെന്ന് വ്യക്തത വരുത്താന്‍ ഈ പഠനത്തിലൂടെ കഴിഞ്ഞതായി പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫ. മഹേഷ് പഞ്ചഗുണുല പറഞ്ഞു.

ശ്വാസം പിടിച്ചുവയ്ക്കുന്നതിലൂടെ വൈറസ് സ്രവകണങ്ങളുടെ ശ്വാസകോശത്തിലേക്കുള്ള ഒഴുക്ക് എത്രകണ്ടു വര്‍ധിക്കുന്നു എന്നും ഇതെങ്ങനെ ശ്വാസകോശത്തില്‍ വൈറസ് അടിഞ്ഞുകൂടാന്‍ ഇടയാക്കുന്നുവെന്നും മനസ്സിലാക്കാന്‍ സഹായിച്ചതായും പ്രൊഫ. മഹേഷ് പറഞ്ഞു.