തിരുവനന്തപുരം: പാലാ സീറ്റ് സംബന്ധിച്ച് എൻസിപിയിൽ തർക്കം രൂക്ഷമായിരിക്കേ പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടും പരിഹാരമായില്ല. പാലായിൽ വീട്ട് വീഴ്ചയില്ലെന്ന നിലപാടിൽ മാണി സി കാപ്പനും ഒരു സീറ്റിന് വേണ്ടി കടുംപിടിത്തം വേണ്ടെന്ന് എകെ ശശീന്ദ്രനും നിലപാടെടുത്തതോടെയാണ് സീറ്റ് സംബന്ധിച്ചുള്ള ചർച്ചയിൽ പരിഹാരം കാണാതെ പോയത്. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമായിരുന്നു ഇന്ന് അരമണിക്കൂറോളം ഇരുവരും ചർച്ച നടത്തിയത്.
സംസ്ഥാന അധ്യക്ഷൻ ടിപി പിതാംബരൻ അടക്കം ഇത്തരത്തിലുള്ള സൂചനയും നേരത്തെ നൽകിയിരുന്നു. തുടർന്നായിരുന്നു പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെട്ടത്. നാൽപത് വർഷത്തോളം പോരാടി നേടിയ സീറ്റാണ് പാലയെന്നും അത് വിട്ടുകൊടുത്തുള്ള ഒരു ഒത്തുതീർപ്പിനും എൻസിപി ഇല്ലെന്നുമായിരുന്നു മാണി സികാപ്പന്റെ നിലപാട്. വഴിയെ പോന്നവർക്ക് നൽകാനുള്ളതല്ല പാലാ സീറ്റെന്നും മാണി സികാപ്പൻ വ്യക്തമാക്കുന്നു.
കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടതുമുന്നണിയിലേക്ക് വന്നപ്പോൾ പാലാ സീറ്റ് ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ അത് സിപിഎം നിഷേധിക്കാതിരുന്നത് ജോസിന് പാല വിട്ടുകൊടുക്കാമെന്ന് കരുതി തന്നെയാണ്. ഇത് തങ്ങളോട് കാട്ടിയ നീതി നിഷേധത്തിന്റെ ഭാഗമാണെന്നും ടിപിപീതാംബരൻ അടക്കമുള്ളവർ വിശ്വസിക്കുന്നുണ്ട്. പാല സീറ്റിൽ പ്രശ്ന പരിഹാരം ഇല്ലാതെ വരികയാണെങ്കിൽ മുന്നണി മാറ്റം എന്ന കടുത്ത നിലപാടിലേക്കും വരും ദിവസങ്ങളിൽ എൻസിപിയിലെ ഒരു വിഭാഗം പോവാൻ സാധ്യതയുണ്ട്.
വിഷയത്തിൽ എൻസിപി അധ്യക്ഷൻ ശരദ് പവാർ ഇടപെടുന്നുണ്ട്. തുടർന്നെടുക്കുന്ന നിലപാട് എകെശശീന്ദ്രൻ അടക്കമുള്ളവർ അംഗീകരിക്കേണ്ടി വരുമെന്ന് സംസ്ഥാന അധ്യക്ഷൻ ടിപിപീതാംബരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാത്രമല്ല കേരളത്തിൽ മാത്രമാണ് കോൺഗ്രസിനോട് സിപിഎമ്മിന് വിരോധമുള്ളൂവെന്നും ടിപി.പീതാംബരൻ ചൂണ്ടിക്കാട്ടിയിരുന്നു