തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കരൾ മാറ്റിവയ്ക്കൽ യൂണിറ്റ് തുറക്കാൻ നടപടി

തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയിലെ ഒരേയൊരു കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ യൂണിറ്റിന് താഴ് വീണിട്ട് നാലര വര്‍ഷം പിന്നിട്ടപ്പോൾ യൂണിറ്റ് പുനരാരംഭിക്കാൻ നടപടി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ യൂണിറ്റിൻ്റെ തുടര്‍നടപടികൾ ചര്‍ച്ച ചെയ്യാൻ ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ യോഗം വിളിച്ചു.

മരണം മാത്രം മുന്നില്‍ കണ്ട് ജീവിക്കുന്ന പാവപ്പെട്ട രോഗികളുടെ ദുരിതം നേരില്‍ക്കണ്ട് മാധ്യമങ്ങൾ ശക്തമായി ഇടപെട്ടതോടെയാണ് അധികൃതരുടെ മനസ് അലിഞ്ഞത്. ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ചൊവ്വാഴ്ച യോഗം വിളിച്ചിട്ടുണ്ട്. ശസ്ത്രക്രിയ യൂണിറ്റ് ഉടൻ തുറക്കൽ, കരൾമാറ്റിവയ്ക്കലില്‍ വൈദഗ്ധ്യമുള്ള സ്വകാര്യ ആശുപത്രികളുടെ സഹകരണം ഉറപ്പാക്കൽ തുടങ്ങി വിവിധ വശങ്ങള്‍ ചര്‍ച്ചചെയ്യും.

നിലവിലെ അവസ്ഥയില്‍ ഓപ്പറേഷൻ തിയറ്റര്‍, ഐസിയു എന്നിവ സജ്ജമാണ്. ജീവനക്കാരുടെ വലിയ കുറവില്ലെന്നും ആശുപത്രി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. രോഗികള്‍ക്ക് സൗജന്യമാണെങ്കിലും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ആശുപത്രിക്ക് 15 ലക്ഷം രൂപ വരെ ചെലവുണ്ടാകും. ഈ തുക എങ്ങനെ കണ്ടെത്തുമെന്നതില്‍ വ്യക്തത വേണമെന്ന് ആശുപത്രി അധികൃതര്‍ യോഗത്തില്‍ അറിയിക്കും.

യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ യൂണിറ്റ് 2016 മാര്‍ച്ച് 23-ലെ ആദ്യ ശസ്ത്രക്രിയയില്‍ രോഗി മരിച്ചതോടെ പ്രവര്‍ത്തനം അവസാനിപ്പിച്ചതാണ്. പല വട്ടം പ്രവർത്തനം തുടങ്ങാൻ നീക്കം നടത്തിയെങ്കിലും ഗ്യാസ്ട്രോ സര്‍ജറി വിഭാഗത്തിലെ ഒരു വിഭാഗം ഡോക്ടര്‍മാര്‍ വിയോജിക്കുകയായിരുന്നു.