ന്യൂഡെൽഹി: എസ്എൻസി ലാവലിൻ ഇടപാടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് മാറ്റി. ചൊവ്വാഴ്ചയാണ് സുപ്രീം കോടതി ഹർജികൾ പരിഗണിക്കുക. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹർജികൾ പരിഗണിക്കാനായി മാറ്റിയത്.
പിണറായി വിജയനെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരേ സിബിഐയുടേതുൾപ്പടെ ഹർജികൾ ഇന്ന് ലിസ്റ്റ് ചെയ്തിരുന്നു. എന്നാൽ അതിന് മുമ്പുള്ള കേസുകളുടെ വാദം നീണ്ടു പോയതിനാൽ ഇന്ന് പരിഗണനയ്ക്ക് വന്നില്ല.
സിബിഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ ഹർജികൾ ചൊവ്വാഴ്ച പരിഗണിക്കണമെന്ന് കോടതിയോട് അഭ്യർത്ഥിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രന്, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.
കേസിൽ വാദം നടത്താൻ തയ്യാറാണെന്ന നിലപാട് നേരത്തെ പരിഗണിച്ചപ്പോൾ സോളിസിറ്റർ ജനറൽ വ്യക്തമാക്കിയിരുന്നു.