ഇസ്ലാമാബാദ്: പാകിസ്ഥാനിൽ അക്രമികൾ നശിപ്പിച്ച ഹിന്ദുക്ഷേത്രം രണ്ട് ആഴ്ചയ്ക്കുള്ളിൽ പുനർ നിർമ്മിക്കണമെന്ന് പാകിസ്ഥാൻ സുപ്രീംകോടതി.ഇന്നലെ വാദം കേട്ടശേഷമായിരുന്നു ഈ ഉത്തരവ്. കഴിഞ്ഞ 30നാണ് കാരക് ജില്ലയിലെ തേരി ഗ്രാമത്തിലുള്ള രാമക്ഷേത്രം അക്രമികൾ തകർത്തത്. വിഷയത്തിൽ ന്യൂനപക്ഷ വിഭാഗത്തെ പ്രതിനിധീകരിച്ച് രമേഷ് കുമാർ ചീഫ് ജസ്റ്റിസിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് സംഭവത്തിൽ സ്വമേധയാ കേസെടുത്തത്.
ക്ഷേത്രപുനർനിർമാണം ഉടർ ആരംഭിക്കാനും നിർമാണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനും ഖൈബർ പഖ്തുൻഖ്വാ പ്രവിശ്യാ ഭരണകൂടത്തോടും മതകാര്യ വകുപ്പിനോടും (വ ഖഫ്) കോടതി ആവശ്യപ്പെട്ടു. ക്ഷേത്രം തകർത്തവരിൽനിന്ന് പുനർനിർമാണത്തിന്റെ ചിലവ് ഈടാക്കുമെന്നും കോടതി വ്യക്തമാക്കി.
രാജ്യത്തെ ക്ഷേത്രങ്ങളുടെ എണ്ണം, വഖഫിന്റെ കീഴിലുള്ള വസ്തുവകകൾക്കു മേൽ നടന്നിട്ടുള്ള കൈയ്യേറ്റം, ഭൂമി കൈയ്യേറ്റത്തിനെതിരെ സ്വീകരിച്ചിട്ടുള്ള നടപടികൾ തുടങ്ങിയവ സംബന്ധിച്ച റിപ്പോർട്ട് ഹാജാരാക്കാനും കോടതി നിർദേശിച്ചു. പാകിസ്ഥാനിലെ എല്ലാ ക്ഷേത്രങ്ങളും വഖഫ് വകുപ്പിന്റെ കീഴിലാണ്. സംഭവത്തിൽ നിരവധി മുസ്ലീം പുരോഹിതന്മാരടക്കം 26 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇതിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്ത് വന്നതോടെയാണ് അക്രമികളെ അറസ്റ്റ് ചെയ്തത്. മത ന്യൂനപക്ഷങ്ങൾക്കെതിരായ വിവേചനവും അക്രമങ്ങളും പാകിസ്ഥാനിൽ സാധാരണയാണ്. പാകിസ്ഥാൻ വിഭജനത്തിന് ശേഷം ഹിന്ദു സമൂഹത്തിലെ ആരും ഈ പ്രദേശത്ത് താമസിച്ചിരുന്നില്ല. ചില ഹിന്ദുക്കൾ ക്ഷേത്രം സന്ദർശിക്കുക മാത്രമാണ് ഇതുവരെ ചെയ്തിരുന്നത്. എന്നാൽ ക്ഷേത്രത്തോട് ചേർന്നുള്ള വീട് അടുത്തിടെ ഹിന്ദു കുടുംബം വാങ്ങിയതായും പുതുക്കിപ്പണിതതായും അധികൃതർ പറഞ്ഞു. ഇതാണ് ക്ഷേത്രം നശിപ്പിക്കാനുള്ള പ്രേരണയായെതെന്നാണ് റിപ്പോർട്ട്.
അതേസമയം ക്ഷേത്രം തകർത്തതുമായി ബന്ധപ്പെട്ട് കറാച്ചിയിലും മറ്റും താമസിക്കുന്ന ഹിന്ദുക്കൾ നീതി വേണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിക്ക് പുറത്ത് പ്രതിഷേധം നടത്തി. എന്നാൽ മത സ്വാതന്ത്ര്യ ലംഘനങ്ങൾ നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ അമേരിക്ക പാകിസ്ഥാനെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. പാകിസ്ഥാനിലെ ഹിന്ദു സമൂഹം നേരിടുന്ന വിവേചനങ്ങത്തിന്റെ മറ്റൊരു ഉദാഹരണമാണ് കാരക്കിലെ ഹിന്ദുക്ഷേത്രം തകർത്തതെന്ന് ആംനസ്റ്റി ഇന്റർനാഷണലിലെ പാകിസ്ഥാൻ പ്രചാരകൻ മൊഹൈദിൻ പറഞ്ഞു.