കോയമ്പത്തൂർ: സിനിമാ സംവിധായകന് നരണിപ്പുഴ ഷാനവാസ് അന്തരിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് കുടുംബം. ഇപ്പോഴും വെന്റിലേറ്ററില്‍ ആണ് ഷാനവാസ്. തലച്ചോറിന് ആഘാതമുണ്ടെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ നോക്കുകയാണെന്നും കുടുംബം വ്യക്തമാക്കി.
ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ഷാനവാസിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണ്. മലപ്പുറം ജില്ലയിലെ പൊന്നാനി നരണിപ്പുഴ സ്വദേശിയാണ്.
അതേസമയം സംവിധായകൻ നരണിപ്പുഴ ഷാനവാസ് മരിച്ചു എന്ന തരത്തിൽ വാർത്ത പ്രചരിക്കുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി വിജയ് ബാബുവും. ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണെന്നും ഹൃദയമിടിപ്പുണ്ടെന്നും അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാതെയിരിക്കാമെന്നും വിജയ് ബാബു ഫെയ്സ്ബുക്കിൽ കുറിച്ചു.
സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ ഷാനാവാസിന്റെ മരണവാർത്ത പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ മിനിറ്റുകൾക്ക് ശേഷം അത് പിൻവലിച്ചു. തുടർന്നാണ് മാധ്യമങ്ങളിൽ വാർത്ത വന്നത്.