എസ് ശ്രീകണ്ഠൻ
നാഷണൽ സ്റ്റോക് എക്സ്ചേഞ്ച് വീണ്ടും പ്രതിക്കൂട്ടിൽ. തിങ്കളാഴ്ച നമ്മുടെ മാർക്കറ്റ് മൂക്കുകുത്തി വീണത് എൻഎസ്ഇയിലെ സാങ്കേതിക പിഴവാണത്രെ. ജനിതകമാറ്റം വന്ന കൊറോണയായിരുന്നെങ്കിൽ പ്രഭവ കേന്ദ്രമായ ബ്രിട്ടണിൽ എന്തേ മാർക്കറ്റ് ഇത്രയും വീണില്ല ? ഈ ചോദ്യം പല കോണിൽ നിന്ന് ഉയർന്നിട്ടും 24 മണിക്കൂർ കഴിഞ്ഞിട്ടും എൻഎസ്ഇ പ്രതികരിച്ചിട്ടില്ല.
ഇതിനു മുമ്പും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. രാജ്യത്തെ ലക്ഷോപലക്ഷം സാധാരണ നിക്ഷേപകർക്കും ചെറുകിട ട്രേഡർമാർക്കും വന്ന നഷ്ടത്തിന് ആര് സമാധാനം പറയും ?നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിൻ്റെ ക്ളിയറിങ് ആൻ്റ് സെറ്റിൽമെൻറ് വിഭാഗമായ എൻഎസ്ഇ ക്ളിയറിങ്ങിൽ ഉണ്ടായ സാങ്കേതിക പിഴവാണ് വില്ലനെന്ന് ബ്രേക്കറേജ് ഹൗസുകളിൽ അടക്കം പറച്ചിലുണ്ട്.
ഇതേക്കുറിച്ച് സെബി അന്വേഷണം എത്രയും വേഗം നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. നിഫ്റ്റി 432 പോയൻ്റ് പൊടുന്നനെ കുറയുക. പലരുടെയും ട്രേഡ് ഓർഡറുകൾ യാന്ത്രികമായി നീക്കം ചെയ്യപ്പെടുക ; എല്ലാം അവിശ്വസനീയം!. തിങ്കളാഴ്ച 11.38 ആയപ്പോൾ പെൻഡിങ് ഓർഡറുകൾ എല്ലാം തന്നെ റദ്ദായിക്കണ്ടു. പല ബ്രോക്കറേജുകളുടെയും ട്രേഡിങ് ടെർമിനൽ തന്നെ തുടർന്ന് നോക്കുകുത്തിയായി.
അപ്പോഴെ അപകടം മണത്തു.11.30 ന് 13722 ൽ നിന്ന നിഫ്റ്റി രണ്ടേമുക്കാലോടെ 13212 ലേക്ക് വീണു. താഴെയിട്ടിരുന്ന ഓർഡറുകൾ ട്രിഗർ ചെയ്യുകയും മുകളിൽ പ്ലേസ് ചെയ്തിരുന്ന ഓർഡറുകൾ റദ്ദാവുകയും ചെയ്തപ്പോൾ അതിവിൽപ്പനയുടെ ട്രെൻഡ് ഉണ്ടായി.സെബി ഈ പരാതി അടിയന്തിരമായി പരിശോധിക്കണമെന്നാണ് പൊതുവായി ഉയരുന്ന ആവശ്യം.