വിദേശത്ത് നിന്ന് കോടികൾ; പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

കൊച്ചി: കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന. പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഐ എം സലാം, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം എന്നിവരുടെ മലപ്പുറത്തെ വീടുകളിലാണ് ഇ ഡി പരിശോധന നടത്തുന്നത്.

മറ്റൊരു നേതാവായ തിരുവനന്തപുരം കരമന സ്വദേശി അഷ്‌റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും ഇ ഡി പരിശോധന നടത്തുന്നുണ്ട്. കൊച്ചിയില്‍ നിന്നുള്ള സംഘമാണ് തിരുവനന്തപുരത്ത് റെയ്ഡ് നടത്തുന്നത്. നേരത്തെ, അഷ്‌റഫ് മൗലവിയുടെ പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ ഇ ഡി ചോദിച്ചറിഞ്ഞിരുന്നു.

പണമിടപാടുകളുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ ഏജന്‍സി അഷ്‌റഫ് മൗലവിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് നേതാക്കളുടെ വീടുകളില്‍ റെയ്ഡിനെത്തിയത്. പരിശോധന ഇപ്പോഴും തുടരുകയാണ്.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ 120 കോടിരൂപ വിദേശത്ത് നിന്നും സ്വീകരിച്ചിരുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. പരാതിയെ തുടര്‍ന്ന് ഇഡി നോതാക്കള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ 1 കോടി രൂപ മാത്രമാണ് സ്വീകരിച്ചതെന്നായിരുന്നു വിശദീകരണം. അതിന്റെ കണക്കുകളും ഹാജരാക്കിയിരുന്നു. ദേശീയ വ്യാപകമായാണ് പരിശോധന നടത്തുന്നത്.