ഗാസിയാബാദ്: തുടർച്ചയായ കരച്ചിൽ കാരണം നാല് വയസുകാരിയായ മകളെ പിതാവ് കഴുത്ത് ഞെരിച്ചു കൊന്നു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. കേസിൽ 28-കാരനായ വാസുദേവ് ഗുപ്ത എന്നായാൾ അറസ്റ്റിലായി.
മകളുടെ മൃതദേഹവുമായി നോയിഡയിലുള്ള ഭാര്യയെ തേടി ഓട്ടോറിക്ഷയിൽ കറങ്ങികൊണ്ടിരിക്കെയാണ് വാസുദേവ് ഗുപ്ത അറസ്റ്റിലായത്. പ്രമുഖ ദേശീയ ദിനപത്രമാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
സുൽത്താൻപുർ സ്വദേശിയാണ് വാസുദേവ് ഗുപത. 20 ദിവസം മുമ്പ് ഭാര്യ ഉപേക്ഷിച്ചുപോയതിനെ തുടർന്ന് അസ്വസ്ഥനായിരുന്നു ഇയാൾ. മകളുടെ കരച്ചിൽ തടയാൻ കഴിയാതിരുന്ന ഗുപ്ത വ്യാഴാഴ്ച കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഓട്ടോറിക്ഷ ഡ്രൈവറാണ് ഗുപ്ത. വർഷങ്ങളായി ഖോദ കോളനിയിൽ കുടുംബത്തോടൊപ്പം വാടക വീട്ടിൽ താമസിക്കുകയായിരുന്നു. ഭാര്യ നോയിഡയിലെ ഒരു സ്പായിലാണ് ജോലി ചെയ്തിരുന്നത്.
തർക്കത്തെ തുടർന്ന് ഭാര്യ മൂന്ന് വയസുള്ള മകനേയും എടുത്ത് 20 ദിവസം മുമ്പ് വീടുവിട്ടുപോയി. നാലുവയസുകാരിയായ മകളെ ഗുപ്തയ്ക്കൊപ്പം നിർത്തി. വ്യാഴാഴ്ച പെൺകുട്ടി ദീർഘനേരം കരഞ്ഞു. കരച്ചിൽ നിർത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഗുപ്ത കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തുടർന്ന് മകളുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞ് ഭാര്യക്കായി നോയിഡയിലും ഗാസിയാബാദിലുമായി ഗുപ്ത ഓട്ടോറിക്ഷയിൽ കറങ്ങി. ഗുപ്തയുടെ ഇളയ സഹോദരൻ ഇക്കാര്യം പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് അറസ്റ്റുണ്ടായത്.
സംഭവം ദിവസം വൈകുന്നേരമാണ് സഹോദരൻ രവി ഗുപതയുടെ വീട്ടിലെത്തുന്നത്. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വാതിൽ തുറന്നിട്ട നിലയിലുമായിരുന്നു. തുടർന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് താൻ മകളെ കൊന്നകാര്യവും നോയിഡയിൽ കറങ്ങുന്ന കാര്യവും ഗുപ്ത അറിയിക്കുന്നത്.