ബി ടെക് കോപ്പിയടി; പിടിച്ചെടുത്തത് 28 മൊബൈലുകൾ ; ഉടൻ റിപ്പോര്‍ട്ട് നല്‍കണമെന്ന് സര്‍വകലാശാല

തിരുവനന്തപുരം: ബി ടെക് കോപ്പിയടിയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളിൽ നിന്നും പിടിച്ചെടുത്തത് 28 മൊബൈല്‍ ഫോണുകള്‍. കോപ്പിയടി നടന്ന നാലുകോളജുകളും 5 ദിവസത്തികം റിപ്പോര്‍ട്ട് നല്‍കണമെന്ന് സാങ്കേതിക സര്‍വകലാശാല നിര്‍ദേശിച്ചു.

ബിടെക് പരീക്ഷയിൽ കൂട്ട കോപ്പിയടി കണ്ടെത്തിയ സാഹചര്യത്തിൽ സാങ്കേതിക സർവകലാശാല ഇന്ന് പ്രിൻസിപ്പൽമാരുടെ അടിയന്തിര യോഗം വിളിച്ചിരുന്നു. കോപ്പിയടി കണ്ടെത്തിയ അഞ്ച് കോളജുകളിലെ പ്രിൻസിപ്പൽമാരിൽ നിന്ന് പ്രോ വൈസ് ചാൻസലർ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

കൊറോണ പ്രോട്ടോക്കോള്‍ മറയാക്കിയാണ് മൊബൈൽ ഫോണുകളുമായി ബിടെക്ക് വിദ്യാര്‍ഥികള്‍ പരീക്ഷാ ഹാളിലെത്തിയത്. അധ്യാപകരും സുരക്ഷാ ജീവനക്കാരും സാമൂഹിക അകലം പാലിക്കുന്നതിനാല്‍ കൃത്യമായ പരിശോധന ഇല്ല. കണ്‍ണ്ടെന്‍മെന്‍റ് സോണുകളില്‍ നിന്നെത്തുന്നവരെ ഒരുപരിശോധനയുമില്ലാതെയാണ് പരീക്ഷാ ഹാളിലേക്ക് കയറ്റുന്നത്.

മൂന്നാം സെമസ്റ്ററിന്‍റെ ആള്‍ജീബ്ര സപ്ലിമെന്ററി പരീക്ഷ തുടങ്ങി 15 മിനിറ്റായതും കോപ്പിയടിയെക്കുറിച്ചുള്ള പരാതി രജിസ്ട്രാര്‍ക്ക് ലഭിച്ചു. പല കോളജുകളില്‍ നിന്നും പരാതി എത്തിയതോടെ സര്‍വകലാശാല എല്ലാ കോളജുകളിലും പരിശോധന നടത്താന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് ആള്‍ജിബ്ര പരീക്ഷ റദ്ദാക്കി. ഒപ്പം പൊലീസിന് പരാതി നല്‍കാനും സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചു.