ഹൈദരാബാദ്: വ്യത്യസ്തമായ വജ്രമോതിരം ധരിക്കുമ്പോൾ താനൊരു റെക്കോഡിന് ഉടമയാകുമെന്ന് ശ്രീകാന്ത് കരുതിയില്ല. ഒരു മോതിരത്തില്‍ ഏറ്റവും കൂടതല്‍ വജ്രങ്ങള്‍ പതിപ്പിച്ചതിൻ്റെ ലോക റെക്കോര്‍ഡ് ഇനി ഇന്ത്യക്കാരന് സ്വന്തം. ഹൈദരാബാദിലെ ചന്ദുഭായ് എന്ന സ്ഥലത്ത് ഡയമണ്ട് സ്റ്റോര്‍ നടത്തുന്ന കൊട്ടി ശ്രീകാന്തിനാണ് ഗിന്നസ് റെക്കോര്‍ഡ് ലഭിച്ചത്.
7,801 കുഞ്ഞു വജ്രങ്ങളാണ് പൂവിൻ്റെ ഡിസൈനിലുള്ള മനോഹരമായ മോതിരത്തില്‍ പതിച്ചിരിക്കുന്നത്. 2018ലാണ് മോതിരത്തിന്റെ ഡിസൈനിങ് ജോലികള്‍ ശ്രീകാന്ത് ആരംഭിച്ചത്. ഒരുപാട് ഡിസൈനുകള്‍ നോക്കിയതിന് ശേഷമാണ് ഏറ്റവും കൂടുതല്‍ വിശ്വല്‍ അപ്പീലുള്ള കമേലിയ എന്ന ഡിസൈന്‍ ഉറപ്പിച്ചതെന്നും അദ്ദേഹം പറയുന്നു.
കംപ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ (CAD) ഉപയോഗിച്ചാണ് മനോഹരമായ ഡിസൈന്‍ സൃഷ്ടിക്കാനാവശ്യമായ വജ്രങ്ങളുടെ എണ്ണം കണ്ടെത്തിയത്.കൃത്യമായ എണ്ണം 2019 മെയ് മാസത്തിലാണ് ലഭിച്ചത്. പിന്നാലെ സംഭരണം ആരംഭിക്കുകയായിരുന്നു.
‘ഇത്രത്തോളം വെല്ലുവിളിയുയര്‍ത്തുന്ന ഡിസൈനിങ് ആദ്യമായിട്ടാണ് ചെയ്യുന്നത്. പല ഘട്ടങ്ങളിലായി പലവിധ മാറ്റങ്ങളും തിരുത്തലുകളും വരുത്തിയാണ് ഇപ്പോഴുള്ള രീതിയിലേക്ക് മോതിരത്തെ മാറ്റിയത്. ഇനിയും ഇതുപോലുള്ള മാസ്റ്റര്‍പീസുകള്‍ നിര്‍മിക്കാന്‍ ഗിന്നസ് റെക്കോര്‍ഡ് പ്രചോദനമാകുമെന്നും’ കൊട്ടി ശ്രീകാന്ത് പ്രതികരിച്ചു.