പാലാ സീറ്റിന് പിടിമുറുക്കി മാണി സി കാപ്പൻ; ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് ആവര്‍ത്തിച്ച്‌ എന്‍സിപി

കൊച്ചി: മാണി സി കാപ്പൻ പാലാ സീറ്റിന് പിടിമുറുക്കി. സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് ആവര്‍ത്തിച്ച്‌ എന്‍സിപി. ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് എത്തുന്നത് ഉറപ്പായതോടെയാണ് എന്‍സിപി നിലപാട് കടുപ്പിച്ചിരിക്കുന്നത്. പാലാ കൂടാതെ കുട്ടനാട്, ഏലത്തൂര്‍ മണ്ഡലങ്ങളിലും എൻസിപി തന്നെ മത്സരിക്കുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ പറഞ്ഞു.

ജോസ് കെ മാണി പാലാ സീറ്റിന് വേണ്ടി അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം അവരോട് ചോദിക്കണമെന്നും പാലാ വിട്ടുകൊടുക്കണമെന്ന് സിപിഎം ആവശ്യപ്പെടുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ഇന്ന് ചേരുന്ന എന്‍സിപി സംസ്ഥാന നേതൃയോഗത്തിന്റെ അജണ്ടയില്‍ കേരളാ കോണ്‍ഗ്രസ് വിഷയം ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പാലാ വിഷയത്തിൽ ഒരു വിട്ടുവീഴ്ചയുമിലെന്ന നിലപാടിൽ വിഷയം യോഗത്തിൽ ഉന്നയിക്കാനാണ് മാണി സി കാപ്പന്റെ തീരുമാനം.

പാലാ സീറ്റ് ജോസ് കെ മാണിക്ക് കൊടുത്താല്‍ മുന്നണി വിടാൻ ഉറച്ചിരിക്കയാണ് കാപ്പന്‍. കാപ്പനു പിന്തുണയുമായി ശക്തമായ ഒരു വിഭാഗം എന്‍സിപിയില്‍ ഉണ്ട്. അങ്ങനെ മുന്നണി വിടുകയാണെങ്കില്‍ യുഡിഎഫിനൊപ്പം ചേര്‍ന്ന് പാലായില്‍ തന്നെ മത്സരിക്കാമാകും കാപ്പന്റെ നീക്കം.

പാലാ സീറ്റ് വിട്ടു കൊടുക്കേണ്ട എന്ന നിലപാടില്‍ തന്നെയാണ് എന്‍സിപി ദേശീയ നേതൃത്വവും. അതേസമയം പാലായുടെ പേരില്‍ കടുത്ത നിലപാട് സ്വീകരിച്ച്‌ സിപിഎമ്മുമായി അകലുന്നത് ബുദ്ധിയല്ലെന്നാണ് മന്ത്രി സഭയിലെ എന്‍സിപി പ്രതിനിധി എകെ ശശീന്ദ്രന്റെ അഭിപ്രായം.